Your Image Description Your Image Description

 

കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളത്തിന് മികച്ച മുന്നേറ്റം. ഡിപിഐഐടി യുടെ പുതിയ കണക്കുകള്‍ പ്രകാരം 2019ലെ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന് 75.49 ശതമാനം സ്‌കോറോടെ കേരളം പതിനഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഫോര്‍ ഇന്‍ഡ്സ്ട്രി ആന്റ് ഇന്‍ടേണല്‍ ട്രേഡ് ( ഡി.പി.ഐ.ഐ.ടി) ആണ് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി വ്യവസായ സംരഭങ്ങള്‍ തുടങ്ങാനുള്ള എളുപ്പത്തിന്റെ അടിസ്ഥാനത്തില്‍ സംരംഭകരുടെ അഭിപ്രായം ശേഖരിച്ച് റാങ്ക് നിശ്ചയിക്കുന്നത്. വ്യവസായ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിച്ച് മികച്ച വ്യവസായ അന്തരീക്ഷം ഒരുക്കുന്നതാണ് പ്രധാനമായും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇഒഡിബി) റാങ്കിങ് മാനദണ്ഡം.

മുന്‍ വര്‍ഷങ്ങളില്‍ ഇഒഡിബി റാങ്കിങ്ങില്‍ ഏറെ പുറകിലായിരുന്നു കേരളം. വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികള്‍ വരുത്തിയതും നയപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കിയതുമാണ് റാങ്കിങ് മെച്ചപ്പെടാന്‍ കാരണമായത്. കേരളത്തില്‍ ഇടത്തര – വന്‍കിട വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് (കെ.എസ്.ഐ.ഡി.സി.) ഇതിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്. വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ക്കായി ഓണ്‍ലൈന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനമായ കെ- സ്വിഫ്റ്റ് യാഥാര്‍ഥ്യമാക്കിയതും കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുമതികള്‍ ഐബിപിഎംഎസ് (ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്‌മെന്റ് സിസ്റ്റം) സിസ്റ്റം വഴി സ്വീകരിച്ചതുമാണ് മികച്ച മുന്നേറ്റം കാഴ്ച്ച വെക്കാന്‍ കേരളത്തിന് സഹായകമായത്. രാജ്യത്തെ തന്നെ ഏറ്റവും വിജയകരമായ ഓണ്‍ലൈന്‍ കണ്‍സ്ട്രക്ഷന്‍ പെര്‍മിറ്റ് സംവിധാനങ്ങളില്‍ ഒന്നാണ് ഐബിപിഎംഎസ്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാരിലേക്കുള്ള വരുമാനം വര്‍ദ്ധിപ്പിക്കുവാനും ഐബിപിഎംഎസ് വഴി സാധിച്ചു. ഇത് ഇഒഡിബി റാങ്കിങ്ങില്‍ നിര്‍ണായകമായി. ഇതുവഴി ഒരു ലക്ഷത്തോളം കെട്ടിടങ്ങള്‍ക്കും ഇതുവരെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട് .

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒരു ഐ ടി കമ്പനി വഴിയാണ് കെ.എസ്.ഐഡി.സി ഈ സംവിധാനം യാഥാര്‍ഥ്യമാക്കിയത്. ഈ പ്രോജക്റ്റിനായി സിസ്റ്റം ഇന്റഗ്രേറ്റര്‍ ദേശീയ പുരസ്‌കാരം നേടിയ ഓട്ടോ ഡി സി ആര്‍ സോഫ്റ്റ് വെയര്‍ ആണ് ഉപയോഗിക്കുന്നത്. നിലവില്‍ കേരളമുള്‍പ്പെടെയുള്ള പതിനെട്ട് സംസ്ഥാനങ്ങള്‍ ഓട്ടോ ഡിസി ആര്‍ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. അഞ്ചുവര്‍ഷത്തെ ഐ ബി പി എം എസ് സംവിധാനം കമ്പിനി വിജയകരമായി പൂര്‍ത്തിയാക്കിയത് പരിഗണിച്ച് ഐ ടി കമ്പനിക്ക് രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ വരുന്ന 92 നഗര തദ്ദേശ സ്ഥാപനങ്ങളിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത് . ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതിലൂടെ , സുതാര്യത, കാര്യക്ഷമത, വേഗത എന്നിവയ്ക്കായി പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ച് ഇ-ഗവേണന്‍സിലേക്കുള്ള മാതൃകാപരമായ മാറ്റം സംസ്ഥാനം സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *