Your Image Description Your Image Description
എറണാകുളം: കൊച്ചി ദേശീയ സരസ് മേളയിൽ കടലാസിൽ കണ്ണഞ്ചിപ്പിക്കുന്ന കരവിരുതുമായി ഒഡീഷ സംഘത്തിന്റെ വിപണന സ്റ്റാൾ ശ്രദ്ധയാകർഷിക്കുന്നു. കാഴ്ചയിൽ മരത്തിൽ കൊത്തി എടുത്തതാണെന്ന് തോന്നിക്കും വിധത്തിലാണ് ഇവർ ഓരോ വസ്തുക്കളും നിർമ്മിക്കുന്നത്.
മനോഹരമായ ഫോട്ടോ ഫ്രെയിമുകൾ, പെൻ സ്റ്റാന്റ്, ഫ്ലവർ സ്റ്റാന്റ്, ആനയുടെ രൂപം തുടങ്ങിയ വിവിധ കരകൗശല വസ്തുക്കളാണ് സ്റ്റാളിൽ വില്പനക്ക് എത്തിച്ചിട്ടുള്ളത്. പേപ്പറുകൊണ്ടാണ് ഇവ ഒരുക്കിയതെന്ന് തിരിച്ചറിയുക പ്രയാസമാണ്. 130 രൂപ മുതൽ 650 രൂപ വരെയുള്ള വസ്തുക്കളാണ് സ്റ്റാളിൽ ഉള്ളത്.
ഒഡീഷ സർക്കാരിന്റെ സഹായത്തോടെയാണ് ഇവർ ഇത്തരത്തിൽ ഒരു സംരംഭം ആരംഭിച്ചത്. സംഘത്തിൽ ആകെ 150 പേരാണുള്ളത്. മണിക്കൂറുകളിൽ തുടങ്ങി രണ്ടോ മൂന്നോ ദിവസങ്ങൾ വരെ നീണ്ടുനിൽക്കുന്ന പ്രയത്നത്തിലൂടെയാണ് ഓരോ വസ്തുക്കളും നിർമ്മിച്ചെടുക്കുന്നത്. പേപ്പറും പേപ്പർ പൾപ്പുമാണ് അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നതെന്ന് ഒഡീഷ സംഘത്തിൽ നിന്നുള്ള പ്രവതി ബെഹറ പറഞ്ഞു.
ഇതിനുമുമ്പ് പല സംസ്ഥാനങ്ങളിലെ മേളകളിൽ പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെത്തുന്നത് ആദ്യമാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇനിയും അവസരം കിട്ടിയാൽ കേരളത്തിൽ എത്തുമെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *