Your Image Description Your Image Description

കുളത്തൂപ്പുഴ : നീരൊഴുക്ക് നിലച്ചതോടെ ജീവൻ നിലനിർത്താൻ ക്ഷേത്രമത്സ്യങ്ങൾ ആറ്റിലെ കയങ്ങൾ തേടുന്നു. കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന കുളത്തൂപ്പുഴയാറ്റിലെ നീരൊഴുക്ക് നിലച്ചതാണ് ദുരിതമാകുന്നത്.

ഇതോടെ അമ്പലക്കടവിലെ തിരുമക്കൾ എന്നറിയപ്പെടുന്ന ക്ഷേത്രമത്സ്യങ്ങൾ വംശനാശഭീഷണി നേരിടുകയാണ്. ആറിനു കുറുകേ തടയണ നിർമിച്ച് നീരൊഴുക്കു നിയന്ത്രിച്ച് ക്ഷേത്രമത്സ്യങ്ങളെ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.വേനൽക്കാലത്ത് പാറക്കൂട്ടങ്ങൾ നിറഞ്ഞ ക്ഷേത്രക്കടവ് വറ്റിവരളുന്നതോടെ നീരൊഴുക്കു വർധിച്ച മറ്റു സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ ഇവ പലായനം ചെയ്യുകയാണ് പതിവ്. അതിനാൽത്തന്നെ ഇവ മീൻപിടിത്തക്കാ‌ർക്ക് ഇരയാകുകയും ചെയ്യുന്നു. തടയണ നിർമിച്ച് നീരൊഴുക്കു നിയന്ത്രിച്ച് ഭക്തർക്ക് ഇവയെ ദർശിച്ചു തീറ്റനൽകാൻ ടൂറിസം വകുപ്പ് നേരത്തേ പദ്ധതി ഒരുക്കിയിരുന്നെങ്കിലും ദേവസ്വം ബോർഡിന്റെ അനുമതി ലഭിച്ചിരുന്നില്ല.

പരശുരാമനാൽ നിർമിതമെന്നു വിശ്വസിക്കുന്ന കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തോളം പ്രാധാന്യമുണ്ട് ക്ഷേത്രമത്സ്യങ്ങൾക്കും. ഉത്സവനാളുകളിൽ ഇവയ്ക്കു തീറ്റനൽകുന്ന മീനൂട്ട് വഴിപാട് ദേവസ്വം ബോർഡ് പ്രത്യേകമായി ക്ഷേത്രത്തിൽ ഒരുക്കുന്നുണ്ട്. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ ആനപ്പുറത്ത് എഴുന്നള്ളിച്ചാണ് മീനൂട്ട് നടത്തുന്നത്. കൂടാതെ ലക്ഷങ്ങൾ ഈടാക്കിയാണ് മീനൂട്ട് വഴിപാട് കേന്ദ്രം എല്ലാവർഷവും കരാർ ഉറപ്പിക്കുന്നത്.

ക്ഷേത്രമത്സ്യങ്ങളെ പിടികൂടുന്നതും ഉപദ്രവിക്കുന്നതും പ്രത്യേക ഉത്തരവുപ്രകാരം ഹൈക്കോടതി നിരോധിച്ചിട്ടുമുണ്ട്. തടയണ നിർമിച്ച് കടവിൽ ആവശ്യത്തിനു വെള്ളം നിലനിർത്തിയാൽ മത്സ്യങ്ങൾ കടവുവിട്ടു പോകാതെ സംരക്ഷിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *