Your Image Description Your Image Description

സ്കിൻ കെയര്‍ എന്നത് എപ്പോഴും ചര്‍മ്മത്തിന് പുറത്ത് മാത്രം ചെയ്യേണ്ടുന്ന ഒന്നല്ല. മിക്കവരും സ്കിൻ കെയറിനെ ഈ രീതിയില്‍ മനസിലാക്കുന്നത് കാണാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണം അടക്കം നമ്മുടെ എല്ലാ ജീവിതരീതികളും നേരിട്ടോ അല്ലാതെയോ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാം.

അതിനാല്‍ തന്നെ നമ്മുടെ ആകെ ജീവിതരീതികള്‍ ആരോഗ്യപൂര്‍വം മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണ്. ഇതില്‍ ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. കാരണം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഭംഗിക്കും സുരക്ഷിതത്വത്തിനുമെല്ലാം അവശ്യം വേണ്ടുന്ന മിക്ക ഘടകങ്ങളും നാം കണ്ടെത്തുന്നത് ഭക്ഷണത്തിലൂടെയാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിങ്ങനെ ചര്‍മ്മത്തിനാവശ്യമായ ഘടകങ്ങളെല്ലാം അധികവും ഭക്ഷണത്തിലൂടെയേ നേടാനാകൂ. അല്ലാത്ത ഉറവിടങ്ങളുമുണ്ട്.

ഇത്തരത്തില്‍ ചര്‍മ്മത്തിന്‍റെ അഴകിനും ആരോഗ്യത്തിനും നിര്‍ബന്ധമായും വേണ്ട വൈറ്റമിനുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

വൈറ്റമിൻ-ഇ

പലിവധത്തിലുള്ള കേടുപാടുകളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് വൈറ്റമിൻ ഇ ആവശ്യമാണ്. അതിനാല്‍ തന്നെ വൈറ്റമിൻ ഇ കുറയുമ്പോള്‍ സ്കിൻ മങ്ങിയും വരണ്ടുമെല്ലാം കാണപ്പെടാം. പ്രധാനമായും ചര്‍മ്മത്തില്‍ ജലാംശം നില്‍ക്കാതെ വരുന്ന അവസ്ഥയാണിത് ഉണ്ടാക്കുക.

വൈറ്റമിൻ -ഡി

വൈറ്റമിൻ -ഡി പ്രധാനമായും സൂര്യപ്രകാശത്തിലൂടെയാണ് നമുക്ക് നേടാനാവുക. അത് കഴിഞ്ഞേ ഭക്ഷണത്തെ ആശ്രയിക്കാൻ സാധിക്കൂ. വൈറ്റമിൻ ഡി ചര്‍മ്മകോശങ്ങളുടെ വളര്‍ച്ചയ്ക്ക് അവിഭാജ്യഘടകമാണ്. അതിനാല്‍ തന്നെ ഇതില്‍ കുറവ് വന്നാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യം ക്ഷയിക്കുമെന്ന് മാത്രമല്ല പല രോഗങ്ങളും ചര്‍മ്മത്തെ പിടികൂടുകയും ചെയ്യാം. എക്സീമ, സോറിയാസിസ് പോലുള്ള രോഗങ്ങളെല്ലാം ഇങ്ങനെ ബാധിക്കാം.

വൈറ്റമിൻ -സി

ചര്‍മ്മത്തിനെ സംരക്ഷിച്ചുനിര്‍ത്താൻ സഹായിക്കുന്നൊരു വൈറ്റമിൻ ആണ് വൈറ്റമിൻ സി. ശരീരത്തിനകത്ത് നിന്ന് അനാവശ്യമായ ഘടകങ്ങളോ, വിഷാംശങ്ങളോ ചര്‍മ്മത്തെ ബാധിക്കുന്നത് തടയാനും, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വേണ്ടുന്ന കൊളാജെൻ എന്ന പ്രോട്ടീന്‍റെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിൻ സി ആവശ്യമാണ്.

ബി വൈറ്റമിനുകള്‍…

ബി വൈറ്റമിനുകള്‍ പലതുണ്ട്. ഇവയുടെ കുറവുണ്ടാകുന്ന പക്ഷം മുഖക്കുരു, മുഖത്ത് പാടുകള്‍, ഡ്രൈ സ്കിൻ, ചുണ്ടുകള്‍ വരണ്ടുപൊട്ടല്‍, ചര്‍മ്മത്തില്‍ ചുളിവുകള്‍ എല്ലാമുണ്ടാകാം. സ്കിൻ വല്ലാതെ ‘സെൻസിറ്റീവ്’ ആകുന്ന അവസ്ഥ. നേരത്തെ പറഞ്ഞതുപോലെ എക്സീമ, സോറിയാസിസ് പോലുള്ള രോഗങ്ങള്‍ക്കും ഈ അവസ്ഥ സാധ്യതയൊരുക്കും.

വൈറ്റമിൻ -എ

സ്കിൻ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് വീണ്ടെടുത്ത് സംരക്ഷിക്കുന്നതിനും മറ്റുമാണ് വൈറ്റമിൻ എ ആവശ്യമായി വരുന്നത്. ഇതില്‍ കുറവുണ്ടാകുന്നത് പലലസ്കിൻ രോഗങ്ങളിലേക്കും നയിക്കാം. എക്സീമ പോലുള്ള രോഗങ്ങള്‍ക്ക് വൈറ്റമിൻ -എ കുറവ് വലിയ രീതിയില്‍ കാരണമാകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *