Your Image Description Your Image Description

പൂണെ: വ്യവസായി ഗൗതം അദാനിയെ പുകഴ്ത്തി എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. പൂണെയിലെ ബരാമതിയിൽ ടെക്നോളജി സെന്റർ നിർമിക്കാൻ അദാനി സഹായം നൽകിയിരുന്നു. ഇതിനാണ് പവാർ നന്ദിയറിയിച്ച് രംഗത്തെത്തിയത്.വിദ്യാപ്രതിഷതൻ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ശരത് പവാറിന്റെ പരാമർശം. ഫിനോലക്സ് ജെ പവർ സിസ്റ്റം ലിമിറ്റഡ് ചെയർമാൻ ദീപക് ചാബ്രിയയും പരിപാടിയിൽ പ​ങ്കെടുത്തിരുന്നു.

വിദ്യാപ്രതിഷതൻ ഇൻസ്റ്റിറ്റ്യൂട്ട് പുതിയ പദ്ധതി ഏറ്റെടുക്കുകയാണ്. ടെക്നോളജി-എൻജിനീയറിങ് മേഖലകൾ അതിവേഗത്തിൽ മാറുകയാണ്. ഈ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണം. ഇതിന്റെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ നിർമിക്കുന്നതെന്ന് ശരത് പവാർ പറഞ്ഞു.

25 കോടി ചെലവ് വരുന്ന പദ്ധതിക്കായി പണം നമുക്ക് എളുപ്പത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞു. നിർമാണമേഖലയിലെ കമ്പനിയായ ഫസ്റ്റ് സിഫോടെക് 10 കോടി രൂപയുടെ സഹായമാണ് നൽകിയത്. ഇതിനൊപ്പം വ്യവസായിയായ ഗൗതം അദാനി 25 കോടിയും നൽകി. ഈ രണ്ട് പേരുടെയും സഹായത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ എൻ.സി.പിയുടെ സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ഗൗതം അദാനിക്കെതിരെ സമരം നടത്തിയിരുന്നു. ധാരാവി പുനർവികസന പ്രൊജക്ടിന്റെ പേരിലായിരുന്നു സമരം. ഇൻഡ്യ സഖ്യവും ഗൗതം അദാനിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ഇതിനിടെയാണ് അദാനിയെ പുകഴ്ത്തി പവാർ രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *