Your Image Description Your Image Description

ആലപ്പുഴ: വീട്ടാവശ്യത്തിന് പുതിയതായി നിർമിച്ച കുഴൽക്കിണറിൽ നിന്ന് പ്രകൃതി വാതക പ്രവാഹം. തോണ്ടൻകുളങ്ങര പുന്നയ്ക്കൽ വിക്ടർ ഇന്ദിരാ ജംക്‌ഷന് സമീപത്ത് പുതിയതായി നിർമിച്ച വീട്ടിൽ താഴ്ത്തിയ കുഴൽക്കിണറിൽ നിന്നാണ് ശക്തമായി പ്രകൃതി വാതകം പ്രവഹിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6.30 മുതലാണ് സംഭവങ്ങളുടെ തുടക്കം. 17 മീറ്റർ താഴ്ചയിലെത്തിയപ്പോഴാണ് വാതകം പ്രവഹിക്കാൻ തുടങ്ങിയത്.

വെള്ളം വലിച്ചെടുക്കാൻ മോട്ടർ ഉപയോഗിച്ച പമ്പ് ചെയ്തപ്പോഴാണ് പൈപ്പിലൂടെ വെള്ളത്തിനു പകരം വാതകം പുറത്തേക്ക് വന്നത്. ഒരു ഗന്ധവും ഇല്ലാത്ത വാതകം പൈപ്പിലൂടെ ശക്തിയിൽ പുറത്തേക്ക് പ്രവഹിക്കുകയായിരുന്നു. സംശയം തോന്നി പണിക്കാർ തീ കത്തിച്ച് നോക്കിയപ്പോൾ ആളിക്കത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ച ശേഷം കുഴൽക്കിണർ വാൽവ് ഉപയോഗിച്ച് താൽക്കാലികമായി അടച്ചു.

കുഴൽക്കിണറിനുള്ളിൽ നിന്നു കത്തുന്ന വാതകം വരുന്നത് അസാധാരണമല്ലെന്നു മുൻപും ജില്ലയിൽ ചിലയിടങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ഏതാനും ആഴ്ചയ്ക്കുള്ളിൽ ഈ പ്രതിഭാസം അവസാനിക്കുമെന്നും വിദഗ്ധർ പറയുന്നു.

2011ൽ ആലപ്പുഴ ആറാട്ടുവഴി കാർത്തികയിൽ രമേശന്റെ വീട്ടിൽ ഇത്തരത്തിൽ സംഭവിച്ചിരുന്നു. കുഴൽക്കിണറിനെ സ്റ്റൗവുമായി ബന്ധിപ്പിച്ചു വീട്ടുകാർ ഈ വാതകമാണ് ഇപ്പോഴും പാചകത്തിന് ഉപയോഗിക്കുന്നത്. 2011 നവംബർ 7 മുതൽ കുഴൽക്കിണറിൽ നിന്ന് വരുന്ന വാതകമാണ് ഉപയോഗിക്കുന്നതെന്നും ഒരിക്കൽ പോലും വാതകം നിലച്ചിട്ടില്ലെന്നും രമേശന്റെ ഭാര്യ രത്നമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *