Home » Blog » kerala Max » സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വീടുകളിൽ വെള്ളം കയറി, റോഡുകളിൽ വെള്ളക്കെട്ട്
RAIN-KERALA-680x450

തിരുവനന്തപുരം: തുലാവർഷം ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. റോഡുകളിൽ വെള്ളക്കെട്ടിനും മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

തിരുവനന്തപുരത്തെ വിതുര, പൊൻമുടി മേഖലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. വിതുരയിൽ നിരവധി വീടുകളിൽ വെള്ളം കയറിയതോടെ പൊടിയകാല ഊര് ഒറ്റപ്പെട്ടു. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് ചെറിയ പാലങ്ങൾ വെള്ളത്തിനടിയിലായി. മക്കിയാർ നദിയും കരകവിഞ്ഞൊഴുകുകയാണ്. കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിലും സർവീസ് റോഡിലും വെള്ളം കെട്ടിനിന്നത് വാഹനഗതാഗതത്തെ ബാധിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഇടുക്കി ഹൈറേഞ്ചിലും മഴ ശക്തമാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർ ഡാമിന്റെ നാല് ഷട്ടറുകളും രാത്രി എട്ട് മണി മുതൽ 20 സെന്റിമീറ്റർ വീതം ഉയർത്തി. ഡാമിലെ നിലവിലെ ജലനിരപ്പ് 821 മീറ്ററാണ്. പരമാവധി സംഭരണനിരപ്പ് 824.48 മീറ്ററാണ്. ഷട്ടറുകൾ തുറന്നതോടെ സെക്കൻഡിൽ 80 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. അതിനാൽ ഡാമിൽനിന്നുള്ള വെള്ളം എത്തുന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അതേസമയം, കൊച്ചി–ധനുഷ്കോടി ദേശീയപാത 85ൽ അടിമാലി–മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. ദേശീയപാത നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് കഴിഞ്ഞ രാത്രിയിൽ പാറ പതിച്ചത്. പ്രദേശത്ത് അപകടകരമായ നിലയിൽ മറ്റു പാറകളും വൻമരങ്ങളും നിലനിൽക്കുന്നതിനാൽ അവ സുരക്ഷിതമായി നീക്കുകയും റോഡിലെ പാറ പൊട്ടിച്ചുമാറ്റുകയും വേണം. ഇതിനായി മൂന്ന് ദിവസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. മഴയും മണ്ണിടിച്ചിൽ സാധ്യതയും റോഡിലെ തടസ്സങ്ങളും കണക്കിലെടുത്ത് യാത്രക്കാർ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *