
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ നിർണായക നടപടിയുമായി പോലീസ്. തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിനെ അറസ്റ്റ് ചെയ്തു. രാവിലെ പത്തുമണിയോടെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. സംഭവത്തിൽ അനുരൂപിനെ നഗരസഭ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
സ്പാ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആളുകളെല്ലാം ഇതിനോടകം അറസ്റ്റിലായെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. സ്പായുടെ പ്രധാന നടത്തിപ്പുകാരനായ നിഷാന്തും അനുരൂപും തമ്മിൽ നിരന്തരമായി സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം കൈമാറിയതിന്റെ തെളിവുകളും രേഖകളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. ഇരുവരും തമ്മിൽ മറ്റ് ബിസിനസ് ബന്ധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ, സ്പാ സ്ഥാപനം അനുരൂപിന്റെ ബിനാമി ഇടപാടായിരുന്നോ എന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
അനുരൂപിന് മറ്റ് സ്പാകളുമായും സമാനമായ ബന്ധങ്ങളുണ്ടോയെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്. ഒരു ദിവസം പതിനഞ്ചോളം പേർ വരെ പെൺകുട്ടിയെ പീഡിപ്പിച്ച ദിവസങ്ങളുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളും കേസിൽ പുറത്തുവന്നിട്ടുണ്ട്. പെൺകുട്ടി നേരിട്ടത് അതിക്രൂരമായ പീഡനമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്തെ മൂന്ന് സ്പാകളിലും തമിഴ്നാട്ടിലെ വിവിധ സ്പാകളിലും വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ പട്ടിക പോലീസ് തയ്യാറാക്കിയതായാണ് വിവരം. അനുരൂപിന്റെ സാമ്പത്തിക ഇടപാടുകൾക്കും മറ്റ് സ്പാകളുമായുള്ള ബന്ധങ്ങൾക്കും കേസിൽ എന്തെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ അന്വേഷണത്തിന്റെ അടുത്ത ഘട്ടം നിർണായകമാകും.
