Your Image Description Your Image Description

ഫെബ്രുവരി 1ലെ ഇടക്കാല ബജറ്റിൽ ആദായ നികുതി സംബന്ധമായ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് രാജ്യത്താകമാനമുള്ള നികുതി ദായകർ ഉറ്റു നോക്കുന്നത്.  2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അവസാന ബജറ്റെന്ന നിലയിൽ നികുതിദായകർക്ക് നേട്ടമുണ്ടാകുന്ന ചില പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്.

80D ഡിഡക്ഷൻ പരിധി

രാജ്യത്തെ മെഡിക്കൽ ചിലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയവുമായി ബന്ധപ്പെട്ട്, സെക്ഷൻ 80D പ്രകാരം, ഡിഡക്ഷൻ പരിധിയിൽ വർധന ഉണ്ടാകണമെന്നത് പ്രധാന ആവശ്യമാണ്. വ്യക്തിഗത പരിധി 25,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി ഉയർത്തുമെന്നും, മുതിർന്ന പൗരൻമാരുടെ പരിധി 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി വർധിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സെക്ഷൻ 80D പ്രകാരമുള്ള ആനുകൂല്യങ്ങൾ പുതിയ നികുതിഘടനയിലൂടെ ലഭ്യമാക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്.

മൂലധനനികുതി ഘടന-  ലാളിത്യവൽക്കരണം

ഇപ്പോഴത്തെ മൂലധനനികുതി ഘടന (Capital gains tax regime) സങ്കീർണമാണെന്ന വാദമാണ് നിക്ഷേപകർ ഉയർത്തുന്നത്. അസറ്റ് ക്ലാസ്, ഹോൾഡിങ് പീരിയഡ്, നികുതി നിരക്ക്, താമസത്തിന്റെ സ്റ്റാറ്റസ് തുടങ്ങിയ ഘടകങ്ങളെല്ലാം ഇതിൽ പരിഗണിക്കേണ്ടതായുണ്ട്.  ഇൻഡക്സേഷൻ നിയമം ലളിതമാക്കാൻ റിസർവ് ബാങ്ക് മുൻകയ്യെടുക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. കൂടാതെ,  ലിസ്റ്റഡ്, അൺലിസ്റ്റഡ് സെക്യൂരിറ്റികളുടെ നികുതി, ഡെറ്റ്, ഇക്വിറ്റി ഇൻസ്ട്രുമെന്റുകളുടെ തരം തിരിവ് എന്നിവയെല്ലാം പരിഗണിക്കപ്പെടുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

പ്രോപർട്ടി മൂല്യവും  ടിഡിഎസും

പ്രോപർട്ടി വാങ്ങുമ്പോൾ ടിഡിഎസ് പരിധി 50 ലക്ഷം രൂപയാണ്. അതായത് പ്രോപർട്ടിയുടെ മൂല്യം ടിഡിഎസ് പരിധി കടന്നാൽ വാങ്ങുന്ന വ്യക്തിയിയിൽ നിന്ന് ആകെ തുകയുടെ 1% ടിഡിഎസ് ഈടാക്കും. കൊമേഷ്യൽ, റസിഡൻഷ്യൽ പ്രോപർട്ടികളിൽ ഈ നിയമം ബാധകമായിരിക്കും. എൻആർഐ സ്റ്റാറ്റസുള്ളവരുടെ വില്പനയിൽ നികുതിയുമായി ബന്ധപ്പെട്ട് സങ്കീർണതകൾ നിലനിൽക്കുന്നുണ്ട്. അതിനാൽ ഇടക്കാല ബജറ്റിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

നോൺ-മെട്രോ- ബംഗളൂരു

ഇന്ത്യൻ ഭരണഘടന പ്രകാരം, ബംഗളൂരു ഒരു മെട്രോപോളിറ്റൻ സിറ്റിയാണ്.  എന്നാൽ ആദായ നികുതിയുമായി ബന്ധപ്പെട്ട് ഈ നഗരത്തെ നോൺ-മെട്രോ എന്ന നിലയിലാണ് പരിഗണിക്കുന്നത്. രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിൽ HRA ഡിഡക്ഷൻ 50% എന്ന നിലയിലാണെങ്കിൽ, ബംഗളൂരുവിൽ താമസിക്കുന്നവർക്ക് 40% ഡിഡക്ഷൻ മാത്രമാണ് ലഭിക്കുന്നത്. ഇതിൽ മാറ്റം വേണമെന്നത് ശക്തമായ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *