Your Image Description Your Image Description

കുമരകം : പടിഞ്ഞാറൻ മേഖലയിലെ പാലങ്ങളും കലുങ്കുകളും അപകടാവസ്ഥയിൽ. കൈവരി പോലുമില്ലാത്ത പാലങ്ങളാണ് ഉള്ളത് . വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒട്ടും സുരക്ഷിതം ഇല്ലാത്ത ഇത്തരം പാലങ്ങളും കലുങ്കുകളും അവഗണനയുടെ ഭാരം പേറി നിലം പൊത്താവുന്ന നിലയിലാണ്. റോഡുകളുടെ കാര്യവും മോശം തന്നെ. അപകടനിലയിലായ പാലങ്ങളിൽ പ്രധാനപ്പെട്ടവ തിരുവാർപ്പ് പഞ്ചായത്തിലെ ആമ്പക്കുഴി ജംക്‌ഷൻ സെന്റ് ജോസഫ് റോഡിലെ ആമ്പക്കുഴി പാലവും കൊച്ചുവീട്ടിൽക്കടവ് പാലവുമാണ്. ആമ്പക്കുഴി പാലത്തിന്റെ സമീപനപാതയിൽ നിന്നു കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു സ്കൂട്ടർ യാത്രക്കാരി വെള്ളത്തിൽ വീണിരുന്നു.

പാലം ഇറങ്ങി വളവ് തിരിഞ്ഞു വരുന്നതിനിടെ സ്കൂട്ടർ ഇളകിക്കിടന്ന മെറ്റലിൽ കയറി നിയന്ത്രണം വിട്ടു വെള്ളത്തിൽ വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നു സ്കൂട്ടർ കരയ്ക്കു കയറ്റി. പാലത്തിന്റെ കൈവരിയുടെ പകുതി ഭാഗം നേരത്തേ തകർന്നു. ബാക്കി ഭാഗം കൂടി തകർന്നു വീഴുമെന്ന നിലയിലാണ്. അതിനു മുൻപു തന്നെ പാലം വീണേക്കുമോ എന്ന ആശങ്കയിലാണു നാട്ടുകാർ. പാലത്തിന്റെ ഗർഡറുകൾ തുരുമ്പിച്ചു. കൽക്കെട്ടും തകർന്നു.

ഈ അവസ്ഥയിൽ നിൽക്കുന്ന പാലത്തിന് ഇനി ഏറെ ആയുസ്സ് ഉണ്ടാകില്ലെന്നാണ് നാട്ടുകാർ പറയുന്നത് . ഈ റൂട്ടിലെ കൊച്ചുവീട്ടിൽക്കടവ് പാലത്തിനു കൈവരി പേരിനു പോലുമില്ല. വാഹനങ്ങൾ ഇടിച്ചു തകർന്നതിനു പിന്നാലെ കാലപ്പഴക്കം കൂടിയായതോടെ കൈവരികൾ പൂർണമായും ഇല്ലാത്ത അവസ്ഥയായി. വാഹനങ്ങളുടെ നിയന്ത്രണം അൽപമൊന്ന് തെറ്റിയാൽ പാലത്തിൽ നിന്നു തോട്ടിലേക്കാകും വീഴുക. ആമ്പക്കുഴി ജംക്‌ഷനിൽ നിന്നു പാലം വരെയുള്ള കോൺക്രീറ്റ് റോഡ് പല ഭാഗത്തും തകർന്നു.

പാലം കഴിഞ്ഞു കുന്നുംപുറം വരെയുള്ള ടാറിങ്ങും തകർച്ചയിലാണ്. കുമരകം പഞ്ചായത്തിലെ ബോട്ട് ജെട്ടി സെന്റ് പീറ്റേഴ്സ് റോഡിലെ കലുങ്കുകൾക്കു കൈവരി ഇല്ലാത്തതാണ് മറ്റൊരു ഭീഷണിയാണ് . ഈ റൂട്ടിൽ 3 കലുങ്കുകളാണുള്ളത്. ബോട്ട് ജെട്ടി പാലം ഇറങ്ങുന്നതു മുതൽ സ്കൂൾ വരെയുള്ള പല ഭാഗവും തകർന്നു കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *