Your Image Description Your Image Description

സര്‍ക്കാരിന്റെ പൊതു ബജറ്റ് എന്നത് വരുമാനത്തിന്റെയും ചെലവിന്റെയും വിശദാംശങ്ങളാണ്. പൗരന്മാരുടെ ക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവുകള്‍, ഇറക്കുമതിക്കുള്ള ചെലവുകള്‍, പ്രതിരോധ ചെലവുകള്‍, ശമ്പളം, വായ്പയുടെ പലിശ എന്നിവയാണ് സര്‍ക്കാരിന്റെ പ്രധാന ചെലവുകള്‍.

സര്‍ക്കാരിലേക്കുള്ള വരുമാനത്തിന്റെ വിഹിതത്തില്‍ നികുതി, പൊതു കമ്പനികളുടെ വരുമാനം, ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതില്‍ നിന്നുള്ള വരുമാനം എന്നിവ ഉള്‍പ്പെടുന്നു.

കേന്ദ്ര ബജറ്റിനെ റവന്യൂ ബജറ്റ്, മൂലധന ബജറ്റ് എന്നിങ്ങനെ രണ്ടായി തിരിക്കാം:

സര്‍ക്കാരിന്റെ വരവുചെലവുകളുടെ കണക്കാണ് റവന്യൂ ബജറ്റ്. അതില്‍ റവന്യൂ രസീത് അല്ലെങ്കില്‍ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനവും റവന്യൂ ചെലവും ഉള്‍പ്പെടുന്നു. റവന്യൂ രസീത് അല്ലെങ്കില്‍ വരുമാനം രണ്ട് തരത്തിലാണ് സർക്കാരിന് ലഭിക്കുന്നത് – നികുതിയില്‍ നിന്നുള്ള വരുമാനവും നികുതി ഇതര വരുമാനവും.

സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനും പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും വേണ്ടിയുള്ള ചെലവാണ് റവന്യൂ ചെലവ്. സര്‍ക്കാരിന്റെ റവന്യൂ ചെലവ് അതിന്റെ റവന്യൂ രസീതിനെക്കാള്‍ കൂടുതലാണെങ്കില്‍, സര്‍ക്കാരിന് റവന്യൂ കമ്മി ഉണ്ടെന്ന് അര്‍ഥം.

ഗവണ്‍മെന്റിന്റെ മൂലധന രസീതുകളോ അതിന്റെ പേരില്‍ നടത്തിയ പേയ്‌മെന്റുകളോ ഉള്‍പ്പെടുന്നതാണ് മൂലധന ബജറ്റ്. പൊതുജനങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ വിശദാംശങ്ങളും  (ബോണ്ടുകളുടെ രൂപത്തില്‍), വിദേശ സര്‍ക്കാരുകളില്‍ നിന്നും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എടുത്ത വായ്പകളുടെ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍, വീട്, ആരോഗ്യ സൗകര്യങ്ങള്‍, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സര്‍ക്കാരിന്റെ ചെലവാണ് മൂലധനച്ചെലവില്‍  ഉള്‍പ്പെടുന്നത്. സര്‍ക്കാരിന്റെ ആകെ  ചെലവ് അതിന്റെ മൊത്തം വരുമാനത്തേക്കാള്‍ കൂടുതലാകുമ്പോഴാണ് ധനക്കമ്മി ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *