Home » Blog » kerala Max » ആ ക്രൂരകൃത്യങ്ങൾക്ക് തൊട്ടുമുമ്പും സ്‌നേഹത്തോടെ ഇടപെട്ടു; ഓണത്തിനുള്ള വസ്ത്രം നൽകാൻ അഞ്ജനയെ വിളിച്ചുവരുത്തി കൊലപാതകം
california-incident

കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട കേസില്‍ ചുരുളഴിയുന്നില്ല. കൊലപാതകത്തിനു തലേദിവസവും മൂവരും ഒന്നിച്ച് സിനിമ കണ്ടിരുന്നതായും ഉല്ലാസവതികളായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന മൊഴി. കൊലപ്പെടുത്താന്‍ എത്തിയതെന്നറിയാതെ അനിലയെ ആന്‍ വീട്ടിലേക്ക് സ്വീകരിച്ചത് ഹൃദ്യമായെന്ന് ബന്ധുവിൻ്റെ വെളിപ്പെടുത്തൽ.

മാസങ്ങള്‍ക്ക് മുമ്പ് വരെ യുവതികള്‍ ഒരേ അപാര്‍ട്‌മെന്റില്‍ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആന്‍ മേരി മാത്യു 10 കിലോമീറ്റര്‍ അപ്പുറത്തുള്ള സ്ഥലത്തേക്ക് താമസം മാറ്റിയിരുന്നു. അവിടെയാണ് അനില കൊലപാതകത്തിനായി ആദ്യമെത്തിയത്. ആ സമയത്ത് ആന്‍ ബന്ധുവുമായി ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്നും വളരെ സന്തോഷത്തോടെ അനിലയെ സ്വീകരിക്കുന്നത് മറുതലക്കല്‍ നിന്നും താന്‍ കേട്ടതായും ബന്ധു വെളിപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കിടയില്‍ ഒരു പ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്ന് ആ സംഭാഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു എന്നാണ് ബന്ധുവിൻ്റെ വെളിപ്പെടുത്തൽ.

അതേസമയം ഒരേ അപാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന അഞ്ജനയെ അനില താഴേക്ക് വിളിച്ച് ഇറക്കുകയായിരുന്നു. ഓണാഘോഷത്തിനായി ഇവര്‍ തയ്ക്കാന്‍ നല്‍കിയ വസ്ത്രം ലഭിച്ചുവെന്നു പറഞ്ഞാണ് അഞ്ജനയെ താഴേക്ക് വിളിച്ചതെന്നാണ് വിവരം. ഇവര്‍ തമ്മില്‍ അതുവരെ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാല്‍ യാതൊരു അസ്വാഭാവികതയും കൂടാതെയാണ് അഞ്ജന താഴേക്ക് പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. ഈ സമയത്ത് ജോലി സ്ഥലത്തായിരുന്ന തന്നോട് പറഞ്ഞ ശേഷമാണ് അഞ്ജന അനിലക്ക് അടുത്തേക്ക് പോയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. താഴേക്ക് എത്തിയപ്പോഴാണ് കാറിടിച്ച് കൊലപ്പെടുത്തിയത്.

അഞ്ജന കൊല്ലപ്പെട്ട വിവരം പറയുന്നതിനായി ആന്‍ മേരി മാത്യുവിനെ ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെയാണ് ആനിന്റെ ഭര്‍ത്താവ് ഫ്‌ളാറ്റിലേക്ക് ചെല്ലുകയും ആന്‍ കൊല്ലപ്പെട്ടതായി കാണുകയും ചെയ്യുന്നത്. ആന്‍ ഫ്‌ളാറ്റില്‍ തന്നെ കുത്തേറ്റ് ചോരവാര്‍ന്ന് നിലയില്‍ കിടക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കി. ആനിന്റെ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. അനില കൊണ്ടുപോയതാകാം എന്നാണ് സംശയിക്കുന്നത്.

കൊലപാതകത്തിനു പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും ജോലി നഷ്ടപ്പെട്ടതിലും വര്‍ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിലും അനില അസ്വസ്ഥയായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അനിലയെ പൊലീസ് സാന്‍ഹോസെ സൈക്ലിക് ജയിലിലേക്ക് മാറ്റിയെന്നാണ് സൂചന.

കൊല്ലപ്പെട്ട യുവതികളില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടത്തും. വെള്ളിയാഴ്ചയോടുകൂടി എംബസിയില്‍ പേപ്പറുകള്‍ പൂര്‍ത്തിയാകും. ഈയാഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് കുടുംബത്തെ ഇക്കാര്യം അറിയിച്ചത്

 

 

 

Leave a Reply

Your email address will not be published. Required fields are marked *