സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SEAI) സംഘടിപ്പിച്ച യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകൾ, സമുദ്ര ഗവേഷണ സ്ഥാപനങ്ങൾ, കയറ്റുമതി രംഗത്തെ പ്രമുഖർ, അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു.
ഐ.സി.എ.ആർ – കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ശാസ്ത്രജ്ഞരാണ് സംസ്ഥാനത്തിനായുള്ള പുതിയ കരട് മാനേജ്‌മെന്റ് പദ്ധതി തയാറാക്കിയത്. പ്രജനന ഘട്ടത്തിലുള്ള ചെറുമീനുകളെ പിടിക്കുന്നത് തടയൽ, മീൻപിടുത്ത വലകളുടെ കണ്ണികളുടെ വലുപ്പം ക്രമീകരിക്കൽ, ശാസ്ത്രീയമായ ട്രോളിംഗ് നിയന്ത്രണങ്ങൾ എന്നിവയിലൂടെ കടൽസമ്പത്ത് വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദേശ വിപണികളിൽ ഏറെ നിർണായകമായ മരീൻ സ്റ്റേവാർഡ്ഷിപ്പ് കൗൺസിലിന്റെ (MSC) സുസ്ഥിരതാ സർട്ടിഫിക്കേഷൻ അടുത്ത ഒരു വർഷത്തിനകം കേരളത്തിലെ ചെമ്മീൻ, കണവ മേഖലകൾക്ക് സ്വന്തമാക്കാൻ ഈ പദ്ധതി വഴിയൊരുക്കും.
ഡിജിറ്റൽ നിരീക്ഷണവും കർശന നിയമനടപടിയും
കയറ്റുമതി രംഗത്തെ കർശനമായ രാജ്യാന്തര നിലവാരം ഉറപ്പാക്കാൻ വിതരണ ശൃംഖല പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യും. ഇതിന്റെ ഭാഗമായി അടുത്ത മാസം മുതൽ മത്സ്യ വ്യാപാരികൾക്കും ഇടനിലക്കാർക്കുമായി ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്ന് മരീൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (MPEDA) അറിയിച്ചു.
അനധികൃത മത്സ്യബന്ധനം തടയാൻ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക മൊബൈൽ ആപ്പും ഡിജിറ്റൽ ട്രോൾ ട്രാക്കിംഗും നടപ്പിലാക്കും. കൂടാതെ, ചെറുമീനുകൾ രക്ഷപ്പെടാൻ സഹായിക്കുന്ന ചതുരാകൃതിയിലുള്ള കണ്ണികളുള്ള വലകളുടെ (Square mesh codends) ഉപയോഗം നിർബന്ധമാക്കും.
അമേരിക്കൻ വിപണിയിലെ പ്രതിസന്ധി പരിഹരിക്കും
ആഴക്കടൽ ട്രോളറുകളിൽ സി.ഐ.എഫ്.ടി (ICAR-CIFT) രൂപകൽപ്പന ചെയ്ത പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചതിലൂടെ കാർബൺ ഉദ്‌വമനം, ഇന്ധന ഉപയോഗം, ലക്ഷ്യമിടാത്ത മറ്റ് ജീവികളെ പിടികൂടൽ എന്നിവ ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
അതേസമയം, അമേരിക്കയിലേക്കുള്ള ചെമ്മീൻ കയറ്റുമതി തടസ്സപ്പെടാതിരിക്കാൻ കടലാമകളെ സംരക്ഷിക്കുന്ന ‘ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസുകൾ’ (TED) ട്രോൾ ബോട്ടുകളിൽ ഘടിപ്പിക്കുന്നത് വേഗത്തിലാക്കണം. ഗുജറാത്ത്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഇത് പൂർണ്ണതോതിൽ നടപ്പാക്കിയിട്ടുണ്ട്.
SEAI സി.ഇ.ഒ ഡോ. കെ. എൻ. രാഘവന്റെ അധ്യക്ഷതയിൽ നടന്ന പാനൽ ചർച്ചയിൽ പദ്ധതി നടപ്പാക്കുന്നതിനായി സി.എം.എഫ്.ആർ.ഐ, സി.ഐ.എഫ്.ടി, എം.പി.ഇ.ഡി.എ തുടങ്ങി വിവിധ ഏജൻസികളുടെ ധാരണാപത്രം (MoU) ഒപ്പിടാൻ തീരുമാനമായി. കൊച്ചിൻ ഷിപ്പ്‌യാർഡ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.എസ്.ആർ (CSR) ഫണ്ടും പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) ഫണ്ടും പ്രയോജനപ്പെടുത്തി തീരദേശത്ത് ബോധവൽക്കരണ പരിപാടികളും ശേഷിവികസന പദ്ധതികളും അടുത്ത മാസം ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വിവിധ ഏജൻസികളുടെ ശാസ്ത്രീയ ഡാറ്റാ പങ്കാളിത്ത ധാരണാപത്രത്തിന്റെ അകമ്പടിയോടെ, ഈ കരട് പദ്ധതി അന്തിമ നയപരമായ അംഗീകാരത്തിനായി ഉടൻ തന്നെ സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
പ്രമുഖരുടെ പങ്കാളിത്തം
കേരള ഫിഷറീസ് വകുപ്പ് ഡയറക്ടർ ശ്രീമതി ചെൽസാസിനി വി. ഐ.എ.എസ്., ഐ.സി.എ.ആർ – സി.ഐ.എഫ്.ടി (ICAR-CIFT) ഡയറക്ടർ ഡോ. ജോർജ്ജ് നൈനാൻ, കെ.എഫ്.സി.സി.എസ് (KFCCS) ചെയർമാൻ ശ്രീ എ. ജെ. തരകൻ, സമാപന പാനൽ ചർച്ച നയിച്ച എസ്.ഇ.എ.ഐ (SEAI) സി.ഇ.ഒ ഡോ. കെ. എൻ. രാഘവൻ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. ഡോ. വിനീത അരവിന്ദ് (FIP കോഓർഡിനേറ്റർ), ഡോ. വി. ആർ. മധു (ICAR-CIFT), ഡോ. അഞ്ചു (ഡെപ്യൂട്ടി ഡയറക്ടർ, MPEDA), ശ്രീ സേവ്യർ ലോറൻസ് (ഒടാക്ക്), ശ്രീ വിവേക് ലോറൻസ് (ജിയോ സീഫുഡ്സ്), ശ്രീ പ്രേമചന്ദ്ര ഭട്ട് (പ്രസിഡന്റ്, SEAI കേരള റീജിയൻ) എന്നിവർ വിവിധ വിഷയങ്ങളിൽ വിഷയാവതരണം നടത്തി.
കേന്ദ്ര ഫിഷറീസ് വകുപ്പ്, ഐ.സി.എ.ആർ – സി.എം.എഫ്.ആർ.ഐ (ICAR-CMFRI), ഫിഷറി സർവേ ഓഫ് ഇന്ത്യ (FSI), നെറ്റ്ഫിഷ് (NETFISH), ഡബ്ല്യു.ഡബ്ല്യു.എഫ് – ഇന്ത്യ (WWF-India), ഡോ. സുനിൽ മുഹമ്മദ് അധ്യക്ഷനായ സസ്റ്റൈനബിൾ സീഫുഡ് നെറ്റ്‌വർക്ക് ഓഫ് ഇന്ത്യ (SSNI), മരീൻ സ്റ്റേവാർഡ്ഷിപ്പ് കൗൺസിൽ (MSC), ലണ്ടൻ ആസ്ഥാനമായ സസ്റ്റൈനബിൾ മാർക്കറ്റ്‌സ് ഇനിഷ്യേറ്റീവ് (SMI) എന്നിവയുടെ പ്രതിനിധികളും, ഫെഡറേഷൻ ഓഫ് ഫിഷിംഗ് ബോട്ട്സ് ആൻഡ് ഫിഷറി ഇൻഡസ്ട്രീസ് ജനറൽ സെക്രട്ടറി ശ്രീ ജോസഫ് സേവ്യർ കളപ്പുരക്കൽ, കയറ്റുമതിക്കാർ, മത്സ്യബന്ധന മേഖലയിലെ ഇതര പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
