Home » Blog » kerala Max » സൗത്ത് ഇന്ത്യൻ ബാങ്ക് വടക്കൻ കേരളത്തിൽ സാന്നിധ്യം ശക്തമാക്കുന്നു: കണ്ണൂർ മേഖലയിൽ 5 പുതിയ ബ്രാഞ്ചുകൾ
IMG-20260815-WA0004

കണ്ണൂർ, ഓഗസ്റ്റ് 13, 2026: കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യൻ ബാങ്ക് വടക്കൻ കേരളത്തിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ മേഖലയിൽ അഞ്ച് പുതിയ ബ്രാഞ്ചുകൾ കൂടി ആരംഭിക്കുന്നു. ഇതോടൊപ്പം ആധുനിക ബാങ്കിങ് സൗകര്യങ്ങളോടെയും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും പൂർണ്ണമായി നവീകരിച്ച നിലവിലുള്ള അഞ്ച് ബ്രാഞ്ചുകൾ പുനഃരവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കണ്ണൂരിലെ ഹോട്ടൽ ഗ്രാൻഡ് ബിനാലയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ബാങ്ക് വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചത്. വാർത്താസമ്മേളനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആന്റോ ജോർജ് ടി, ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും മാർക്കറ്റിങ് ഹെഡുമായ ഡോ. രമേഷ് കെ പി, ഡെപ്യൂട്ടി ജനറൽ മാനേജരും കണ്ണൂർ റീജിയണൽ ഹെഡുമായ ജോർജ് ജോസഫ് തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു.

എടൂർ, ഉളിക്കൽ, മാട്ടൂൽ, മയ്യിൽ, പാനൂർ എന്നിവിടങ്ങളിലെ അഞ്ച് പുതിയ ബ്രാഞ്ചുകൾ ആഗസ്റ്റ് 17-ന് ഉദ്ഘാടനം ചെയ്യും. ഇതോടെ ജില്ലയിലെ ഗ്രാമീണ-നഗര മേഖലകളിലുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആധുനിക ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും. ഉപഭോക്താക്കൾക്ക് അത്യാധുനിക ഡിജിറ്റൽ ബാങ്കിങ് അനുഭവവും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് കണ്ണൂർ മേഖലയിലെ നിലവിലുള്ള അഞ്ച് ബ്രാഞ്ചുകളിൽ സാങ്കേതിക-അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി പുനഃരവതരിപ്പിക്കുന്നത്.

“വടക്കൻ കേരളത്തിൽ സേവനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള ബാങ്കിന്റെ പദ്ധതികളുടെ ഭാഗമായാണ് പുതിയ ബ്രാഞ്ചുകൾ ആരംഭിക്കുകയും നിലവിലുള്ള ബ്രാഞ്ചുകൾ പുനഃരവതരിപ്പിക്കുകയും ചെയ്യുന്നത്. ശതാബ്ദിയിലേക്ക് അടുക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക്, പരമ്പരാഗത ബ്രാഞ്ചുകളുടെ വിശ്വാസ്യത നിലനിർത്തിക്കൊണ്ട് തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യ കൂട്ടിച്ചേർത്ത് ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനങ്ങൾ നൽകാനാണ് മുൻഗണന നൽകുന്നത്. ഈ വികസനം മേഖലയുടെ സാമ്പത്തിക വളർച്ചക്ക് ഉത്തേജനമേകുകയും ചെയ്യും.” പത്രസമ്മേളനത്തിൽ ആന്റോ ജോർജ് ടി പറഞ്ഞു.

97 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് സാങ്കേതികവിദ്യ, നവീനത, ഉപഭോക്തൃ സേവനം എന്നിവയിൽ നിക്ഷേപം നടത്തുന്നതിനോടൊപ്പം തന്നെ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നത് തുടരുകയും ചെയ്യുന്നു. വ്യക്തികൾക്കും ബിസിനസുകൾക്കും സമൂഹത്തിനും പിന്തുണ നൽകുന്ന ഭാവി മുൻനിർത്തിയുള്ള ബാങ്കിംഗ് സൊല്യൂഷൻസിലൂടെ കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ബാങ്ക് സജീവ പങ്കാളിയാണ്.

Photo caption: സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും കണ്ണൂർ റീജിയണൽ ഹെഡുമായ ജോർജ് ജോസഫ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആന്റോ ജോർജ് ടി, ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരും മാർക്കറ്റിങ് ഹെഡുമായ ഡോ. രമേഷ് കെ പി (ഇടത്ത് നിന്ന്) എന്നിവർ കണ്ണൂരിലെ ഹോട്ടൽ ഗ്രാൻഡ് ബിനാലയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ നിന്ന്.