
തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് സ്ലോട്ടുകൾ വിറ്റത്. സോഫ്റ്റ്വെയറിലെ സുരക്ഷാ പിഴവുകളും ഒടിപി പരിശോധന ഇല്ലാത്തതും മുതലെടുത്ത് ഒരൊറ്റ മൊബൈൽ നമ്പറിൽ നിന്ന് നിരവധി ബുക്കിങ്ങുകൾ നടത്തിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ സ്ലോട്ടുകൾ തീർന്നതോടെ പണം നൽകി ട്രാവൽ ഏജൻസികളെ ആശ്രയിക്കാൻ തീർത്ഥാടകർ നിർബന്ധിതരാകുകയായിരുന്നു. പിന്നീട് ഇത്തരത്തിലുള്ള കൂട്ടബുക്കിങ്ങുകൾ റദ്ദാക്കിയതാണ് തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായതെന്നും വിജിലൻസ് വിലയിരുത്തുന്നു. അതേസമയം, ശബരിമലയിലെ പ്രതിദിന ദർശന പരിധി 80,000-ൽ നിന്ന് 90,000 ആയി ഉയർത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതിന് അനുമതി തേടി ദേവസ്വം കമ്മീഷണർ മുഖേന ഹൈക്കോടതിയെ സമീപിക്കും.
തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പന്തളത്ത് പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിക്കാനും വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ വിപുലീകരിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. റദ്ദാക്കുന്ന സ്ലോട്ടുകൾ വീണ്ടും ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും പുനഃപരിശോധിക്കും. സ്ലോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സൈബർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്; സംശയനിഴലിലുള്ള ട്രാവൽ ഏജൻസികളെ ഉടൻ ചോദ്യം ചെയ്യും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വെർച്വൽ ക്യൂ ബുക്കിങ്ങിന് ഒടിപി പരിശോധന കർശനമാക്കിയിട്ടുണ്ട്. അടുത്ത തീർത്ഥാടന കാലത്തിന് മുന്നോടിയായി സോഫ്റ്റ്വെയർ പൂർണമായും പരിഷ്കരിക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചു.
