
മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയാണെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു കോടതിക്കും തന്നെ ശിക്ഷിക്കാൻ കഴിയില്ലെന്നും ലഭിച്ച പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്യുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ശിക്ഷിക്കുമെന്ന് കരുതി പലരും മനപ്പായസം ഉണ്ണുന്നുണ്ടെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ അവർക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിക്ക് അനുകൂലമായ തന്റെ പരാമർശങ്ങളെ ‘യൂ ടേൺ’ എന്ന് വിളിക്കുന്നവർക്ക് അങ്ങനെ വിളിക്കാമെന്നും പ്രതിപക്ഷത്തിരുന്ന സതീശൻ അല്ല ഇപ്പോഴത്തെ ആളെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, മൈക്രോ ഫിനാൻസ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതിൽ വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. എസ്. ശശിധരൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. നടപടികളിൽ എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആരാഞ്ഞു. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ അലംഭാവമാണോ, ഭയമാണോ അതോ പിന്നിൽ നിന്ന് മറ്റാരെങ്കിലും സ്വാധീനിക്കുന്നുണ്ടോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
നിയമനടപടികൾക്ക് സമയമെടുക്കുമെന്നും ചില കേസുകളിൽ പ്രോസിക്യൂഷൻ അനുമതി ലഭിക്കേണ്ട സാഹചര്യമുണ്ടെന്നും അന്വേഷണത്തിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും എസ്.പി. വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണ ചുമതല കൂടി വഹിക്കുന്നതിനാൽ തിരക്കുകൾ മൂലമാണ് കാലതാമസമുണ്ടായതെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന് മികച്ച ട്രാക്ക് റെക്കോർഡാണുള്ളതെന്നും ദിവസവും നാല് മണിക്കൂർ മാത്രമാണ് അദ്ദേഹത്തിന് ഉറങ്ങാൻ കഴിയുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ എട്ട് കേസുകളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തൃപ്തികരമായ രീതിയിൽ കുറ്റപത്രം നൽകാൻ സമയം ആവശ്യമാണെന്ന് ശശിധരനും വ്യക്തമാക്കി. തുടർന്ന്, ഒരാഴ്ചയ്ക്കകം ഒരു കേസിൽ കൂടി കുറ്റപത്രം സമർപ്പിക്കണമെന്നും ഹർജി ഡിസംബർ ഏഴിന് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റിസ് എ. ബദ്ദറുദ്ദീൻ ഉത്തരവിട്ടു.
