Home » Blog » Kerala » വയനാട് ദുരന്തം: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം ധനസഹായം
10

തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. സാങ്കേതിക നിയമ പരിശോധനയും കേന്ദ്രം പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം നൽകും. കൂടാതെ സാങ്കേതിക നിയമ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുരങ്ക നിർമാണത്തിനു പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്രം നൽകിയ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്ന് പരിശോധിക്കും. ഇരട്ട അന്വേഷണങ്ങൾക്കു ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇതുവരെ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. കൂടാതെ ഒൻപത് പേർ പരുക്കേറ്റ് ചികിത്സയിൽ ആണ്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി ഇന്ന് രാവിലെ മുതൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്ന് എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും.