കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഒഐസിസി കുവൈറ്റ് യൂത്ത് വിങും ബദർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 26 വെള്ളിയാഴ്ച ഫർവാനിയയിലെ ബദർ മെഡിക്കൽ സെന്റർ ബ്രാഞ്ചിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ് നടക്കുന്നത്.
സമൂഹത്തിലെ സാധാരണ ജനങ്ങൾക്ക് ആരോഗ്യപരിപാലന സേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവരിൽ നിന്നാണ് പങ്കെടുക്കുന്നവരെ തെരഞ്ഞെടുത്തിട്ടുള്ളത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ആരോഗ്യ പരിശോധനയ്ക്ക് പുറമേ, വിവിധ മെഡിക്കൽ പരിശോധനകൾക്കും ചികിത്സാ സേവനങ്ങൾക്കും പ്രത്യേക ഇളവുകളും ബദർ മെഡിക്കൽ സെന്റർ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയും മുൻനിർത്തി, കുവൈറ്റ് സമൂഹത്തിൽ കൂടുതൽ സേവന പ്രവർത്തനങ്ങൾ നടത്താൻ ഒഐസിസി കുവൈറ്റ് യൂത്ത് വിങ് പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ആരോഗ്യ, ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.
