Home » Blog » Kerala » വെള്ളാപ്പള്ളിയെ എൽഡിഎഫിന്റെ സംരക്ഷകനായി കണ്ടിട്ടില്ല, കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സിപിഐക്കില്ല ; ബിനോയ് വിശ്വം
26

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന്റെ സംരക്ഷകനായി വെള്ളാപ്പള്ളിയെ സിപിഐ ഒരിക്കലും കണ്ടിട്ടില്ലെന്നും ഇനി കാണുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ടും ബിനോയ് വിശ്വം പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ ഇടംകൈയും വലംകൈയും ആയിരുന്ന ആളാണ് ആത്മഹത്യ ചെയ്തതെന്നും, സംഭവത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിക്കെതിരെ ആരോപണങ്ങളുണ്ടെന്നും ആത്മഹത്യാക്കുറിപ്പുണ്ടെന്നും ചൂണ്ടിക്കാട്ടിയ ബിനോയ് വിശ്വം, കുറ്റവാളിയെ രക്ഷിക്കാൻ സിപിഐ ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

“കെ.കെ. മഹേശന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണം. കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് സിപിഐക്കില്ല,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തെയും ബിനോയ് വിശ്വം ശക്തമായി വിമർശിച്ചു. കേരളത്തെ മദ്യത്തിൽ മുക്കിത്താഴ്ത്താൻ അനുവദിക്കില്ലെന്നും, മദ്യലോബിക്ക് അനുകൂലമായ നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ആർക്കുവേണ്ടിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ മദ്യനയം രൂപീകരിച്ചത്?” എന്നും അദ്ദേഹം ചോദിച്ചു.

പിഎം ശ്രീ പദ്ധതിയെയും ബിനോയ് വിശ്വം വിമർശിച്ചു. എൽഡിഎഫ് ഭരണകാലത്ത് തെറ്റുകൾ തിരുത്താൻ സിപിഐക്ക് രാഷ്ട്രീയമായ ആർജവമുണ്ടായിരുന്നുവെന്നും ഇപ്പോഴും അതിൽ കുറവില്ലെന്നും അദ്ദേഹം പറഞ്ഞു. “എൽഡിഎഫ് തെറ്റ് തിരുത്തി. എന്നാൽ യുഡിഎഫ് നാണവും മാനവും വെടിഞ്ഞ് പിഎം ശ്രീയുടെ വഴിയിലേക്ക് പോകുകയാണ്. അറബിക്കടൽ ഇപ്പോഴും ഇവിടെ തന്നെയുണ്ട്. അറബിക്കടലിൽ മുക്കിത്താഴ്ത്തുമെന്നായിരുന്നു അന്ന് ലീഗ് പറഞ്ഞത്. ലീഗ് ഇപ്പോൾ ആ കവാത്ത് മറക്കുകയാണ്. അതിന് കനത്ത വില കൊടുക്കേണ്ടിവരും,” – ബിനോയ് വിശ്വം പറഞ്ഞു.