Home » Blog » kerala Max » ഡേറ്റിങ് ആപ്പ് വഴി വലയിലാക്കി; കൂടിക്കാഴ്ചയിലെ ദൃശ്യങ്ങൾ കാണിച്ച് ആറ് കോടി രൂപ തട്ടിയെടുത്ത് യുവതി
police-1

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് യുവതി പണം തട്ടിയാതായി പരാതി. ടിന്‍ഡര്‍ എന്ന ഡേറ്റിങ് ആപ്പിലൂടെയും സോഷ്യല്‍ മീഡിയിലൂടെയും പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് വലിയ തുകകള്‍ ആവശ്യപ്പെട്ടതായാണ് ആരോപണം.ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിൽ പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരം ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലൂടെയാണ് പുറത്തുവന്നത്. ‘ടിന്‍ഡര്‍’ എന്ന ഡേറ്റിങ് ആപ്പ് വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം ക്രിമിനല്‍ കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നാണ് ഈ സംഘത്തിലെ ഒരു സ്ത്രീക്കെതിരായി ആരോപണം ഉയര്‍ന്നത്.

പല്ലവി സിങ് രജ്പുത്ത് എന്ന യുവതിക്കെതിരായാണ് പരാതി. ആദ്യം സൗഹൃദമായി തുടങ്ങുന്ന ബന്ധം പിന്നീട് വളരുകയും കൂടിക്കാഴ്ചയില്‍ യുവാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ആ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്തതായാണ് ഇരകള്‍ പറയുന്നത്. ഇവരില്‍ നിന്ന് ആറ് കോടിയിലധികം രൂപ യുവതി തട്ടിയെടുത്തതായി പരാതിക്കാരന്‍ ആരോപിക്കുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ ബലാത്സംഗം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പാരാതിയിലുണ്ട്. ഈ ആരോപണങ്ങളില്‍ നിലവില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.

അതേസമയം യുവതിയുടെ പരാതിയില്‍ കേസെടുത്ത് അഞ്ച് പേരെ ജയിലില്‍ അടച്ചതായുള്ള ഗുരുതരമായ ആരോപണവുമുണ്ട്. കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വലിയ അളവില്‍ നോട്ട് കെട്ടുകള്‍ ഒരു കിടക്കയില്‍ അടുക്കിവെച്ചിരിക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. ഒരു സ്ത്രീ തോക്കിന് സമാനമായ ആയുധവുമായി ഇരിക്കുന്ന ചിത്രവും പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിൻ്റെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല.ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിനായി ഈ സ്ത്രീ വ്യത്യസ്ത പേരുകളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നുവെന്ന മറ്റൊരു പരാതിയും പൊലീസിന് മുന്നില്‍ വന്നിട്ടുണ്ട്. ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള പേരുകളിലൊന്ന് ‘സ്വീറ്റി തിവാരി’ എന്നാണ്. പല്ലവി സിംഗ് രജ്പുത്തിനെ മറ്റ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും സഹായിച്ചിരുന്നതായി പറയപ്പെടുന്നു. കേസില്‍ തുടര്‍ അന്വേഷണം നടന്നുവരികയാണ്.