Your Image Description Your Image Description

ഷിക്കാഗോ: രണ്ടുതവണ ചന്ദ്രനിലേക്കുപോയ ആദ്യ ബഹിരാകാശ സഞ്ചാരി ജിം ലോവൽ അന്തരിച്ചു. 97 വയസ്സായിരുന്നു. ഇല്ലിനോയിലെ ലേക്ക് ഫോറസ്റ്റിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. നാസയുടെ പരാജയപ്പെട്ട ചാന്ദ്രദൗത്യം അപ്പോളോ 13-ന്റെ കമാൻഡറും ജിം ലോവൽ എന്നറിയപ്പെട്ടിരുന്ന ജെയിംസ് ആർതർ ലോവൽ ആയിരുന്നു. നാസയിൽ ഏറ്റവുംകൂടുതൽ ബഹിരാകാശയാത്രചെയ്ത സഞ്ചാരികളിലൊരാൾ കൂടിയാണ് അന്തരിച്ച ജിം ലോവൽ.

1968-ൽ, ലോവൽ, ഫ്രാങ്ക് ബോർമാൻ, വില്യം ആൻഡേഴ്‌സ് എന്നിവരടങ്ങിയ അപ്പോളോ 8 ക്രൂ ആയിരുന്നു ഭൂമിയുടെ ഭ്രമണപഥം വിട്ട് ആദ്യമായി ചന്ദ്രനിലേക്ക് പറന്ന് അതിനെ വലംവച്ചത്. അവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല, പക്ഷേ ബഹിരാകാശ മത്സരത്തിൽ അവർ യുഎസിനെ സോവിയറ്റുകളെക്കാൾ മുന്നിലെത്തിച്ചു

1970 ഏപ്രിൽ 11-ന് കെന്നഡി സ്പെയ്‌സ് സെന്ററിൽനിന്നായിരുന്നു അപ്പോളോ 13 വിക്ഷേപണം. പേടകത്തിൻറെ സർവീസ് മൊഡ്യൂളിലെ ഒരു ഓക്സിജൻ സംഭരണി പൊട്ടിത്തെറിച്ചതാണ് ദൗത്യം പരാജയപ്പെടാനിടയാക്കിയത്. പേടകത്തിന്റെ വൈദ്യുതസംവിധാനങ്ങളടക്കം പ്രവർത്തനരഹിതമാക്കിയതിനെത്തുടർന്ന് ലാൻഡിങ് നിർത്തിവെച്ചു. തുടർന്ന്, പേടകത്തിലെ ജീവൻരക്ഷാസംവിധാനങ്ങളുടെ പിന്തുണയോടെ ഏപ്രിൽ 17-ന് ലോവലും സംഘവും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി. ലോവലായിരുന്നു ദൗത്യത്തിന് നേതൃത്വം നൽകിയിരുന്നത്.

അപ്പോളോ 8 ദൗത്യത്തിലും ഭാഗമായിരുന്ന ലോവൽ, രണ്ടുതവണ ചന്ദ്രനിലേക്കുപോയ ആദ്യ ബഹിരാകാശ സഞ്ചാരിയാണ്. നാസയുടെ ജെമിനി 7, ജെമിനി 12 ദൗത്യങ്ങളുടേയും ഭാഗമായിരുന്നു.

Related Posts