Your Image Description Your Image Description

മുംബൈ: ഐഫോണ്‍ നിര്‍മാണക്കമ്പനിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജീസ് ഇന്ത്യയിലെ പ്ലാന്റുകളില്‍ നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കുകയാണ്. ഐഫോണ്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കാനും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പരിശീലനം നല്‍കാനുമാണ് ഫോക്‌സ്‌കോണിന്റെ ചൈനയിലെ പ്ലാന്റില്‍ നിന്നുള്ള എന്‍ജിനിയര്‍മാരെത്തിയത്. ആപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം വർധിപ്പിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് വിദഗ്ധരായ ചൈനീസ് പൗരന്മാരെ തിരിച്ചയക്കുന്നത്.

മുന്നൂറോളം പേരായിരുന്നു ചൈനയില്‍ നിന്ന് ഇന്ത്യയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റുകളിലായുണ്ടായിരുന്നത്. ഒരുമാസത്തിനിടെ ഇതില്‍ ഭൂരിഭാഗം പേരെയും തിരിച്ചയച്ചതായാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചയക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ചൈനയില്‍ സര്‍ക്കാരും നിയന്ത്രണ ഏജന്‍സികളും ഇന്ത്യയിലേക്ക് സാങ്കേതികവിദ്യകളും ഉപകരണങ്ങളും കയറ്റി അയക്കുന്നതിനെതിരേ രംഗത്തുവന്നതാണ് ഈ നീക്കത്തിന് പിന്നിലെന്ന് സൂചനയുണ്ട്.

ആപ്പിള്‍ ഉത്പാദനത്തില്‍ വലിയൊരു പങ്ക് ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. ഇതേ ചുവടുപിടിച്ച് കൂടുതല്‍ കമ്പനികള്‍ മാറാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സംശയിക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ ഇന്ത്യയില്‍ ഐഫോണ്‍ 17 ഉത്പാദിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിട്ടിരുന്നു. എന്നാൽ വിദഗ്ധരായ ചൈനീസ് എന്‍ജിനിയര്‍മാര്‍ മടങ്ങുന്നത് പദ്ധതിക്ക് തിരിച്ചടിയായേക്കാം. ഇന്ത്യയിലെ ജീവനക്കാരുടെ പരിശീലനത്തെയും പ്രവര്‍ത്തനക്ഷമതയെയും ഇതു ബാധിക്കുമെന്നാണ് വിലയിരുത്തൽ

Leave a Reply

Your email address will not be published. Required fields are marked *

Related Posts