Your Image Description Your Image Description

കോട്ടയം: ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ മൃതദേഹം വൈകിട്ടോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് അതുവരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരും ബിന്ദുവിൻ്റെ ബന്ധുക്കളും അടക്കം ആംബുലൻസ് തടഞ്ഞത്. ഇതിനാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം, മകൾക്ക് ജോലി, മകളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുക എന്നീ കാര്യങ്ങൾ സർക്കാർ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

രാവിലെ പത്തേമുക്കാലോടെയാണ് കോട്ടയം മെഡ‍ിക്കൽ കോളേജിലെ പത്ത്, പതിനൊന്ന്, പതിനാലാം വാർഡുകളടങ്ങിയ കെട്ടിടത്തിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞ് വീഴുന്നത്. മുഖ്യമന്ത്രിയുടെ മേഖലാ അവലോകനയോഗം കോട്ടയത്ത് നടക്കുമ്പോഴായിരുന്നു അപകടം. മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണ ശേഷം സംഭവസ്ഥലത്തെത്തിയ മന്ത്രിമാരായ വി എൻ വാസവനും വീണ ജോർജും പാലയവൃത്തി പറഞ്ഞത് ആ കെട്ടിടം ഉപയോഗിക്കാതെ പൂട്ടി ഇട്ടിരിക്കുകയായിരുന്നു എന്നാണ്. എന്നാൽ അതിനടിയിൽ പെട്ട് ഒരു സ്ത്രീ മരിച്ചു. അപകടം നടന്ന് പെട്ടെന്ന് തന്നെ മന്ത്രിമാർ ഉൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം വൈകി. രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് തകര്‍ന്ന കെട്ടിടത്തില്‍ ആരെങ്കിലും കുടുങ്ങിയോ എന്ന് തിരച്ചില്‍ നടത്തിയതും. ഇത് വലിയ വീഴ്ച്ചയാണെന്നും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നുമുള്ള വിമര്‍ശനമാണ് ഉയരുന്നത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയെയാണ് രണ്ടുമണിക്കൂറിന് ശേഷം പുറത്തെടുത്തത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു(52)വാണ് തകര്‍ന്നുവീണ കെട്ടിടത്തിലുണ്ടായിരുന്നത്. പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു.

ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 14-ാം വാര്‍ഡ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയെ കാണാനില്ലെന്ന് ഒരു കുട്ടി പരാതിപ്പെട്ടതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്.

ഇടിഞ്ഞുവീണത് ആരും ഉപയോഗിക്കാത്ത കെട്ടിടമാണെന്നായിരുന്നു സ്ഥലത്തെത്തിയ മന്ത്രി വി.എന്‍. വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും വാര്‍ഡ് തൊട്ടപ്പുറത്താണെന്നും സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ് തകര്‍ന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. പുതിയ കെട്ടിടം പണിതുകഴിഞ്ഞെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പഴയ കെട്ടിടത്തിന്റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് മൂന്നുപേര്‍ക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts