Your Image Description Your Image Description

പരശുവയ്ക്കൽ ഗവ. എൽ.പി സ്‌കൂളിലെ കിണർ അടിയന്തരമായി ശുദ്ധീകരിച്ച് കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കിണറിൽ മോട്ടർ ഘടിപ്പിച്ച് കുട്ടികൾക്ക് എല്ലാ ദിവസവും ഗുണമേന്മയുള്ള ജലം ലഭ്യമാക്കാൻ പാറശ്ശാല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ നിർദ്ദേശം നൽകി. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്.

ഗുണമേന്മ ഉറപ്പുവരുത്താതെ അയൽവീടുകളിൽ നിന്നും ജലം ശേഖരിച്ച് പാചകത്തിനുൾപ്പെടയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കും. അധ്യായനവർഷ ആരംഭത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിൽ കുട്ടികൾക്ക് മുടക്കമില്ലാതെ ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികൾക്ക് പ്രാഥമികമായി ലഭിക്കേണ്ട ഗുണമേന്മയുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിൽ ബന്ധപ്പെട്ട എല്ലാ അധികൃതർക്കും വീഴ്ച സംഭവിച്ചത് കമ്മിഷൻ വളരെ ഗൗരവകരമായി കാണുന്നു. 2005 ലെ ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള കമ്മിഷനുകൾ ആക്റ്റിലെ 15-ാം വകുപ്പ് പ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ഇതിന്മേൽ നടപടി സ്വീകരിക്കണം.

പരശുവയ്ക്കൽ ഗവ. എൽ.പി സ്‌കൂളിൽ പ്രീകെജി മുതൽ നാലാം ക്ലാസ് വരെ 127 കുട്ടികളാണ് പഠിക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കും, ജീവനക്കാർക്കും ആഴ്ചയിൽ 2 ദിവസമേ കുടിവെള്ളം ലഭിക്കുന്നുള്ളു. സ്‌കൂളിലെ പാചകത്തിനും ടോയ്‌ലെറ്റ്  ആവശ്യത്തിനും ജലത്തിന്റെ ദൗർലഭ്യമുണ്ട്. ഭുഗർഭ ജലവിഭവ  വകുപ്പ് സ്‌കൂളിന് കിണർ കുഴിച്ചെങ്കിലും ടാങ്ക് പൈപ്പ് കണക്ഷൻ, മോട്ടർ എന്നിവ ഘടിപ്പിച്ചിട്ടില്ല ഇക്കാര്യങ്ങൾ പരാമർശിച്ച് പി.ടി.എ പ്രസിഡന്റ് ഷീജ കമ്മിഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട്  2012 ലെ ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 15 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കമ്മിഷന് നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts