Your Image Description Your Image Description

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി മാധ്യമ ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം സൂര്യ റീജന്‍സി ഹാളില്‍ നടന്ന ചടങ്ങ് കുടുംബശ്രീ ഗവേണിങ് ബോഡി എക്സിക്യൂട്ടീവ് അംഗമായ പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു.

ഇന്ന് കുടുംബശ്രീ പ്രസ്ഥാനം എത്താത്ത മേഖലകള്‍ ഇല്ലെന്നും കുടുംബശ്രീക്ക് അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇനിയും കടമ്പകള്‍ കടക്കേണ്ടതായിട്ടുണ്ടെന്നും പി.കെ. സൈനബ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ആരംഭംമുതല്‍ മാധ്യമങ്ങള്‍ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണാത്മകമായ പിന്തുണയാണ് നല്‍കി വരുന്നത്. പുതിയ തലമുറയെ കൂടി ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഫിഫ്റ്റി പ്ലസ് എന്ന പദ്ധതിയുമായാണ് കുടുംബശ്രീ മുന്നോട്ടു വരുന്നത്. ഇതിലൂടെ 50 ലക്ഷം സ്ത്രീകളെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറ്റാന്‍ കഴിയും. ദുര്‍ബല വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വനപ്രദേശങ്ങളിലും തീരദേശ മേഖലയിലും കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുടുംബശ്രീ ഒരുങ്ങുകയാണ്. സംസ്ഥാന അതിര്‍ത്തികള്‍ പങ്കിടുന്ന പ്രദേശങ്ങളിലെ വനിതകള്‍ക്ക് വേണ്ടിയും പദ്ധതികള്‍ ആരംഭിക്കാനിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിലും കുടുംബശ്രീ വനിതകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനുണ്ട്. കുടുംബശ്രീയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സജീവ സഹകരണവും പ്രോത്സാഹനവും നല്‍കിക്കൊണ്ട് ഇതുവരെ സഹകരിച്ചതുപോലെ ഇനിയും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

കുടുംബശ്രീയുടെ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലയിലെ മാധ്യമങ്ങളെ ബോധവാന്മാരാക്കുക, ഓരോ പദ്ധതിയും എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ച് അവബോധം നല്‍കുക, കുടുംബശ്രീ ജില്ലാ മിഷനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക, എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ചും ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ ക്ലാസ് എടുത്തു. ഈ വര്‍ഷം സംസ്ഥാനതലത്തില്‍ കുടുംബശ്രീയുടെ മികച്ച വ്യക്തിഗത സംരംഭം, മികച്ച ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, മികച്ച സംരംഭക ഗ്രൂപ്പ്, മികച്ച ഓക്‌സിലറി സംരംഭം എന്നീ വിഭാഗങ്ങളില്‍ മലപ്പുറം ജില്ലയില്‍ നിന്നും പങ്കെടുത്ത് ആദ്യ സ്ഥാനങ്ങള്‍ നേടിയ കുടുംബശ്രീ അംഗങ്ങള്‍ അവരുടെ അനുഭവങ്ങള്‍ വേദിയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts