Your Image Description Your Image Description

 

അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ 50 ശതമാനം പി ഡബ്ല്യൂ ഡി റോഡുകള്‍ ഉന്നത നിലവാരത്തിലേക്കുയര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും മൂന്നര വര്‍ഷം കൊണ്ടുതന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചുവെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് പയ്യന്നൂര്‍- ചെറുപുഴ റോഡില്‍ 5.10 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വടവന്തൂര്‍ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലത്തിനുള്ളില്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ 252 കി.മീറ്റര്‍ പി ഡബ്ല്യു ഡി റോഡുള്ളതില്‍ 169 കി.മീറ്റര്‍ ദൂരം ഉന്നത നിലവാരത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞു. കേരളത്തിലെ പശ്ചാത്തല വികസന രംഗത്ത് വന്‍ കുതിച്ചുച്ചാട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. നഗര ഗ്രാമ വിത്യാസമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും ഗുണകരമായ മാറ്റങ്ങളുണ്ടാക്കുന്നു. ഇതെല്ലാം സാധ്യമായത് കിഫ്ബിയുടെ വരവോടെയാണ്. നാട് ആവശ്യപ്പെടുന്ന വികസനങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കാന്‍ കിഫ്ബിവഴി സാധിച്ചെന്നും മന്ത്രി പറഞ്ഞു.

20 മീറ്റര്‍ വീതം നീളമുള്ള മൂന്നു സ്പാനോടുകൂടി ആകെ 60 മീറ്റര്‍ നീളത്തില്‍ 9.7 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച പുതിയ പാലത്തില്‍ ഒരു ഭാഗത്ത് ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും ഏഴര മീറ്റര്‍- വീതിയില്‍ റോഡ് കാര്യേജ് വേയും ആണുള്ളത്. പാലത്തിന് പയ്യന്നൂര്‍ ഭാഗത്ത് 100 മീറ്റര്‍ നീളത്തിലും പെരിങ്ങോം ഭാഗത്ത് 120 മീറ്റര്‍ നീളത്തിലും ബി എം ബി സി നിലവാരത്തിലുള്ള അനുബന്ധ റോഡുകളും കൂടാതെ സംരക്ഷണ ഭിത്തികളും നിര്‍മ്മിച്ചിട്ടുണ്ട്. പുതിയ പാലം വന്നതോടെ പ്രദേശത്തെ കാലങ്ങളായുള്ള ഗതാഗത പ്രശ്‌നത്തിന് പരിഹാരമായി. പഴയ പാലം നിലനിര്‍ത്തിയിട്ടുമുണ്ട്.

കാങ്കോല്‍ – ആലപ്പടമ്പ് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വത്സല, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പത്മിനി, ജില്ലാ പഞ്ചായത്ത് അംഗം എം രാഘവന്‍, കാങ്കോല്‍ -ആലപ്പടമ്പ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി സുരേഷ് ബാബു, വാര്‍ഡ് അംഗം കെ.വി ശീതള, മുന്‍ എം എല്‍ എ സി കൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഉത്തരമേഖല, കോഴിക്കോട് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, പയ്യന്നൂര്‍ പാലങ്ങള്‍ വിഭാഗം അസി. എഞ്ചിനിയര്‍ മണി പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts