Your Image Description Your Image Description

കൊട്ടുവള്ളിക്കാട് എസ്.എൻ.എം ഗവ. എൽപി സ്കൂളിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ശുചിത്വോത്സവം “തളിര് ” പദ്ധതിക്ക് തുടക്കമായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 44 വിദ്യാലയങ്ങളും സമ്പൂർണ ശുചിത്വ വിദ്യാലയങ്ങളായി മാറുന്നതിനുള്ള ആദ്യ ചുവടാണ് ഹരിത വിദ്യാലയ പ്രഖ്യാപനത്തോടെ സാധ്യമാകുന്നത്.

ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സൗഹൃദ തുണിസഞ്ചികളും വിദ്യാലയത്തിലെ ശുചിത്വ സേനയ്ക്ക് യൂണിഫോമും വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച അലങ്കാര വസ്തുക്കളുടെ പ്രദർശനവും നടന്നു.

വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ് പദ്ധതിയുടെ ആമുഖം അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ എൻ.ആർ രൂപേഷ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബബിത ദിലീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജന സൈമൺ, വടക്കേക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന രത്നൻ, വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എസ് ജയദേവൻ, പറവൂർ ബി.പി.സി പ്രേംജിത്ത്, പ്രധാനാധ്യാപിക പി.വി മീനാകുമാരി എന്നിവർ സംസാരിച്ചു.

രണ്ടാം ക്ലാസ്സ് വിദ്യാർഥി എയ്ഞ്ചൽ എലിസബത്ത് ആൻ്റണി ശുചിത്വ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. നാലാം ക്ലാസ്സ് വിദ്യാർഥി വേദിക ഷിബിൻ ശുചിത്വ സന്ദേശം നൽകി. നാലാം ക്ലാസ്സ് വിദ്യാർത്ഥികളായ എം.എസ് തേജസ്വിനി, പി.എച്ച് അനുഗ്രഹ, എ.എൽ ഇഷാൻ, കെ.എം ആഷ്‌ന എന്നിവരുടെ നേതൃത്വത്തിൽ ലഘു നാടകം അരങ്ങേറി. സന്നദ്ധ പ്രവർത്തകരായ സുരേഷ് തുരുത്തിക്കര, ദീപു, രാജീവ്, പിടിഎ പ്രതിനിധി റോണി എന്നിവർ മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യത പരിചയപ്പെടുത്തിക്കൊണ്ടുള്ള ശില്പശാലയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *