Your Image Description Your Image Description

ന്യൂഡൽഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം നടക്കാത്തതിനെയും കേസെടുക്കാത്തതിനെയും വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഒരു ജഡ്ജിക്കെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നാല്‍ അതാണോ നടപടി. നിയമവാഴ്ചയുടെ അടിത്തറയെ ഇളക്കുന്ന ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍, എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നില്ല. മൂന്നുമാസത്തിലധികം നഷ്ടപ്പെട്ടു, അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും സമിതി അന്വേഷണം കേസെടുക്കുന്നതിന് പകരമാവില്ലെന്നും ധന്‍കര്‍ പറഞ്ഞു.

ജഡ്ജിക്കെതിരെയുള്ള ഇംപീച്ച്മെൻ്റ് നടപടികൾ ഉടൻ ആരംഭിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു അഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതിൽ തുടർനടപടികളിൽ വരാനിരിക്കെ കേസ് എടുക്കാൻ നിർദ്ദേശിക്കാനാകില്ലെന്നും കോടതി അറിയിച്ചു. തുടർന്നാണ് ഹർജി സുപ്രീംകോടതി തള്ളിയത്.

അതേസമയം, ജഡ്ജിയുടെ വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തിലാദ്യമായാണ് സര്‍ക്കാര്‍ തന്നെ ഒരു ജഡ്ജിക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഔദ്യോഗിക വസതിയില്‍ നിന്ന് വന്‍തോതില്‍ പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിട്ട ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കം.

ജസ്റ്റിസ് വര്‍മ നിലവില്‍ അലഹബാദ് ഹൈക്കോടതിയിലാണ്. ഈ വര്‍ഷം മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിലാണ് കോടിക്കണക്കിന് രൂപയുടെ നോട്ടു കെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിസ് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയെങ്കിലും ഏപ്രില്‍ അഞ്ചു മുതല്‍ ജുഡീഷ്യല്‍ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടും അതിന് ജസ്റ്റിസ് വര്‍മ നല്‍കിയ മറുപടിയും സഹിതമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കത്തെഴുതിയത്.

രാഷ്ടപതി മുര്‍മ്മു ചീഫ് ജസ്റ്റിസിന്റെ കത്ത് രാജ്യസഭ ചെയര്‍മാനും ലോക്‌സഭ സ്പീക്കര്‍ക്കും കൈമാറിയെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. ഇംപീച്ച്‌മെന്റ് പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ ലോക്‌സഭയില്‍ 100 അംഗങ്ങളുടേയും രാജ്യസഭയില്‍ 50 അംഗങ്ങളുടേയും പിന്തുണ വേണമെന്നാണ് ചട്ടം. നിലവിലെ പാര്‍ലമെന്റിലെ അംഗബലമനുസരിച്ച് ഭരണകക്ഷിയായ ബിജെപിക്ക് പ്രമേയം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. മുഖ്യ പ്രതിപക്ഷമായ തങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ സംസാരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജുലൈ മൂന്നാം വാരം തുടങ്ങാനാണ് സാധ്യത.

വസതിയില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ഒരു സ്റ്റോര്‍ റൂമില്‍ നിന്ന് വന്‍തോതില്‍ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കത്തിനശിച്ച കറന്‍സി നോട്ടുകളുടെ വീഡിയോകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വിവാദങ്ങള്‍ക്ക് തുടക്കമായി. ഈ നോട്ടുകെട്ടുകള്‍ അഴിമതിപ്പണം ആണെന്ന വ്യാപക ആരോപണമുയര്‍ന്നിരുന്നു. രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് വര്‍മ തയ്യാറല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts