Your Image Description Your Image Description

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. നിമിഷനേരം കൊണ്ട് കണ്ണുവെട്ടിച്ച് ശുചിമുറിയില്‍ ആത്മഹത്യ ശ്രമം നടത്തിയപ്പോള്‍ തന്നെ അസി. പ്രിസണ്‍ ഓഫീസര്‍ ശ്രദ്ധിച്ചു. ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് പ്രഥമശിശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സുരക്ഷ ബ്ലോക്കില്‍ ഇതേ സമയം മറ്റ് തടവുകാരുടെ മേല്‍നോട്ടവും അസി. പ്രിസണ്‍ ഓഫീസര്‍ക്കുണ്ടായിരുന്നുവെന്നും ജയില്‍ മേധാവിക്ക് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് അഫാന്‍. ശുചിമുറിയില്‍ മുണ്ടുപയോഗിച്ച് തൂങ്ങിമരിക്കാനാണ് ശ്രമിച്ചത്. രണ്ടാം വട്ടമാണ് അഫാന്‍ ആത്മഹത്യക്ക് ശ്രമിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലില്‍ ഒരു തടവുകാരനൊപ്പമായിരുന്നു അഫാനെ പാര്‍പ്പിച്ചിരുന്നത്. പ്രത്യേക നിരീക്ഷണം വേണ്ട ഏഴു തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്. നേരത്തെ അഫാന്‍ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സെല്ലില്‍ ഒരു തടവുകാരനെ കൂടി പാര്‍പ്പിച്ചിരുന്നത്. രാവിലെ 11.30യോടെ ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ വിളിക്കാനായി പോയി. മറ്റ് തടവുകാര്‍ വരാന്തയില്‍ ടിവി കാണാന്‍ ഇറങ്ങി. ഈ സമയത്താണ് അഫാന്‍ ശുചിമുറിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. അലക്കി ഉണക്കാന്‍ ഇട്ടിരുന്ന മുണ്ടുപയോഗിച്ചാണ് കഴുത്തില്‍ കുരുക്കിട്ടത്. ഞെരക്കം കേട്ട് ജയില്‍ ഉദ്യോഗസ്ഥന്‍ ശുചിമുറിയിലേക്ക് പോയി തൂങ്ങിനിന്ന അഫാനെ പൊക്കി ശേഷം മറ്റ് തടവുകാരെ വിളിച്ചു. തടവുകാരും ജയില്‍ ഉദ്യോഗസ്ഥനും ചേര്‍ന്ന് കഴുത്തിലെ കെട്ടഴിച്ച് നിലത്ത് കിടത്തി അഫാന് പ്രാഥമിക ശുശ്രൂഷ നല്‍കി. ആംബുലന്‍സില്‍ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മെഡിക്കല്‍ ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തിലാണ് അഫാന്‍ ഇപ്പോള്‍. 24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടോയെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ ജയില്‍ അധികൃതരെ അറിയിച്ചു. മൊഴി രേഖപ്പെടുത്തണമെന്ന് പൊലീസിന്റെ ആവശ്യം ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. സഹോദരനെും കാമുകിയെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ കൊലപ്പെടുത്തിയ ശേഷം മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ച ശേഷമാണ് അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ജയിലില്‍ കൗണ്‍സിംഗ് നല്‍കിയിരുന്നു. ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്നായിരുന്ന് ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. അഫാനെ കാണാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ജയില്‍ വന്നിരുന്നില്ല. ആരോടും അധികം സംസാരിക്കാതെ കൂടുതല്‍ സമയവും സെല്ലിനുള്ളില്‍ ചെലവാക്കുകയായിരുന്ന പ്രതി.

Leave a Reply

Your email address will not be published. Required fields are marked *