Your Image Description Your Image Description

സ്ത്രീകള്‍ ലോകത്തെയും ജീവിതത്തെയും കാണുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ വനിതാ ചലച്ചിത്രമേള ഉപകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് വനിതാ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമ സാമൂഹിക ചരിത്രത്തിന്റെ ദൃശ്യരേഖയാണ്. ചരിത്രം ലോകത്തിനു മുന്നിലേക്ക് തുറന്നുവെച്ചത് ചരിത്രപുസ്തകങ്ങള്‍ മാത്രമല്ല. സാഹിത്യം ഒരു കാലത്തെ സമഗ്രമായി രേഖപ്പെടുത്തുകയാണെങ്കില്‍ അതിനെ ദൃശ്യവല്‍ക്കരിച്ച് എല്ലാ കാലത്തേക്കും സൂക്ഷിക്കാന്‍ കെല്‍പ്പുള്ളതരത്തില്‍ അടയാളപ്പെടുത്തുന്നത് ചലച്ചിത്രമാണ്. യന്ത്രവത്കരണം എങ്ങനെ മനുഷ്യനെ മാറ്റിമറിച്ചുവെന്ന് ചാപ്‌ളിന്‍ മോഡേണ്‍ ടൈംസില്‍ അവതരിപ്പിക്കുന്നുണ്ട്. ഏതൊരു കാലത്തെയും ദേശം, ഭാഷ, ഭക്ഷണം, മനുഷ്യജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ എന്നിവയെ ചലച്ചിത്രം ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊട്ടാരക്കരയിലെ സിനിമപ്രേമികൾക്ക് മികച്ച തിയേറ്റർ അനുഭവം നൽകുന്നതിന് സിനി കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പ്രഖ്യാപിച്ചു.
കൊട്ടാരക്കരയ്ക്ക് സിനിമയുമായി ജൈവികമായ ബന്ധമാണുള്ളതെന്നും സിനിമയുടെ പൈതൃകവും സമകാലികതയും പേറുന്ന ഇടമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിഭാധനരായ നടന്മാരായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും ഭരത് മുരളിയുടെയും നാടാണിത്. 24 സിനിമകളുടെ നിര്‍മ്മാതാവായ കെ.പി. കൊട്ടാരക്കരയുടെയും നടന്‍ ബോബി കൊട്ടാരക്കരയുടെയും ജന്മനാടും ഇതാണ്. ഇത്തരത്തില്‍ മലയാളസിനിമയുടെ ചരിത്രത്തിന്റെ തിളക്കമുള്ള കൊട്ടാരക്കരയിലാണ് ജില്ലാ തലസ്ഥാനങ്ങള്‍ക്കപ്പുറം ആദ്യമായി അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നടക്കുന്നത്. സിനിമയുടെ ദൃശ്യമഹോത്സവത്തെ കൊട്ടാരക്കര ഏറ്റെടുത്തതില്‍ അഭിമാനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര മിനര്‍വ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ ഉണ്ണിക്കൃഷ്ണ മേനോന്‍ അധ്യക്ഷത വഹിച്ചു. പിന്നണി ഗാനരംഗത്ത് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഗായിക ലതികയെ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ചടങ്ങില്‍ ആദരിച്ചു. ചലച്ചിത്രതാരം ആര്‍ഷ ചാന്ദ്‌നി ബൈജു അതിഥിയായി പങ്കെടുത്തു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ആമുഖഭാഷണം നടത്തി. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ സംവിധായിക വിധു വിന്‍സെന്റിന് നല്‍കി നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരന്‍ സംവിധായിക ശിവരഞ്ജിനിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സംവിധായിക ശോഭന പടിഞ്ഞാറ്റില്‍, ചലച്ചിത്ര നിര്‍മ്മാതാവും സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ അനില്‍ അമ്പലക്കര, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മീര എസ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് സ്വാഗതവും ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേറ്ററും കില ഡയറക്ടറുമായ വി.സുദേശന്‍ നന്ദിയും പറഞ്ഞു.

പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. കൊട്ടാരക്കരയുടെ വികസനത്തിന് ഉണര്‍വേകുന്നതിനായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവിഷ്‌കരിച്ച ‘സമഗ്ര കൊട്ടാരക്കര’ എന്ന പദ്ധതിയുടെ ഭാഗമായാണ് വനിതാ ചലച്ചിത്രമേള നടത്തുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

 

 

Leave a Reply

Your email address will not be published. Required fields are marked *