Your Image Description Your Image Description

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകസംഗമവും ആദരവും നടത്തും. മെയ് 24 ശനിയാഴ്ച വൈകിട്ട് ചന്തമുക്ക് മുന്‍സിപ്പല്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കും. കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള 17 ചലച്ചിത്രപ്രവര്‍ത്തകരുടെ സംഗമവും ഉണ്ടായിരിക്കും. കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ ഉണ്ണികൃഷ്ണന്‍ മേനോന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വനിതാ ചലച്ചിത്രമേളയോടനുബന്ധിച്ച് സംഗീത പരിപാടി അവതരിപ്പിക്കുന്ന ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മ, നടിമാരായ കെ.പി.എ.സി ലീല, സന്ധ്യാരാജേന്ദ്രന്‍, ധന്യ അനന്യ, ഗാനരചയിതാവ് എം.ആര്‍. ജയഗീത, ഗായികമാരായ ആലീസ് ഉണ്ണിക്കൃഷ്ണന്‍, ശബ്‌നം, ചലച്ചിത്രനിര്‍മ്മാതാക്കളായ അഡ്വ.കെ അനില്‍കുമാര്‍ അമ്പലക്കര, ബൈജു അമ്പലക്കര, സതീഷ് സത്യപാലന്‍, സംവിധായകരായ രാജീവ് അഞ്ചല്‍, എം.എ നിഷാദ്, ഷെരീഫ് കൊട്ടാരക്കര, രഞ്ജിലാല്‍ ദാമോദരന്‍, ഗാനരചയിതാവ് ഡോ.വി.എസ് രാജീവ്, ഛായാഗ്രാഹകന്‍, ജെയിംസ് ക്രിസ്, നിര്‍മ്മാതാവും വിതരണക്കാരനുമായ എം.ജോയ് എന്നിവരെയാണ് ആദരിക്കുന്നത്.

വൈകിട്ട് ഏഴുമണിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മ നയിക്കുന്ന അമ്മ കലാസംഘം സംഗീതപരിപാടിയും ഇരുളനൃത്തവും അവതരിപ്പിക്കും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കലക്കാത്ത…’ എന്ന ഗാനത്തിനാണ് നഞ്ചിയമ്മ ദേശീയ പുരസ്‌കാരം നേടിയത്. 2020ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേകപുരസ്‌കാരവും നഞ്ചിയമ്മ നേടിയിരുന്നു. ഇതുവരെ ഒമ്പത് സിനിമകളില്‍ പാടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *