Your Image Description Your Image Description

മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിയുടെ ദീപ്ത സ്മരണയില്‍ ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ‘സ്വപ്നായനം’ എന്ന സിഗ്നേച്ചര്‍ ഫിലിമിലൂടെയാണ് പി കെ റോസിക്ക് ആദരവ് നല്‍കിയത്.

തിരുവനന്തപുരത്തെ കാപിറ്റോള്‍ തിയേറ്ററില്‍ നടക്കാന്‍ പോകുന്ന ‘വിഗതകുമാര’ന്റെ ആദ്യപ്രദര്‍ശനത്തെക്കുറിച്ചുള്ള ചരിത്ര പ്രധാനമായ വിളംബരത്തില്‍ ആരംഭിക്കുന്ന സ്വപ്നായനം, ഒരു നഗരത്തിന്റെ വളര്‍ച്ചയെയും പുതിയ തിയേറ്ററുകളുടെ ഉത്ഭവത്തെയും ദൃശ്യവത്കരിക്കുന്നു. മലയാള സിനിമയുടെ ഉറവിടത്തില്‍ നിന്നും പറന്നുയരുന്ന ചകോരം കാലങ്ങള്‍ പിന്നിട്ട് ന്യൂ കാപിറ്റോള്‍ തിയേറ്ററിലേക്ക് എത്തുമ്പോള്‍ അവിടെ പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുമുണ്ട്. കാപിറ്റോള്‍ തിയേറ്ററില്‍ വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനത്തോടെ നാടുവിടേണ്ടി വന്ന റോസി, ന്യൂ കാപിറ്റോള്‍ തിയേറ്ററില്‍ അഭിമാനത്തോടെ സിനിമ കാണുമ്പോള്‍ പുതിയ കാലത്ത് ആ നഷ്ട നായികയ്ക്ക് ലഭിക്കുന്ന ആദരം കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൊട്ടാരക്കര മിനര്‍വ തിയേറ്ററില്‍ നടക്കുന്ന വനിതാ ചലച്ചിത്രോത്സവത്തിന് വേറിട്ട മാനം നല്‍കുന്നതായിരുന്നു മലയാളത്തിന്റെ ആദ്യ നഷ്ടനായികയെ കുറിച്ചുള്ള ചിത്രം. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ച സിഗ്‌നേച്ചര്‍ ഫിലിമിന്റെ സംവിധാനം, രചന, തിരക്കഥ, ഛായാഗ്രഹണം തുടങ്ങിയവ നിര്‍വഹിച്ചിരിക്കുന്നത് മുംബൈയില്‍ ഛായാഗ്രാഹകനായി ജോലി ചെയ്യുന്ന മലയാളി കെ.ഒ. അഖിലാണ്. കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അഖിലിന്റെ സഹപാഠികളായിരുന്നവരുടെ സംഘമാണ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ സഹകരിച്ചത്. ചിത്രത്തില്‍ പി.കെ.റോസിയായി അഭിനയിച്ചത് അഭിരാമി ബോസാണ്.

Leave a Reply

Your email address will not be published. Required fields are marked *