Your Image Description Your Image Description

ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിച്ചത് മികവാര്‍ന്ന ഏഴൂ സിനിമകള്‍. കൊട്ടാരക്കര മിനര്‍വ തീയേറ്ററിലെ രണ്ട് സ്‌ക്രീനുകളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

പെണ്‍മനസ്സിന്റെ ഉള്ളറകളിലേക്ക് ക്യാമറ തിരിച്ചുവെച്ച ഹോങ് കോങ് സംവിധായിക ആന്‍ ഹുയിയുടെ ‘ദി പോസ്റ്റ് മോഡേണ്‍് ലൈഫ് ഓഫ് മൈ ആന്റ്, ഇന്ത്യന്‍ സിനിമയിലെ തന്റെ പ്രകടനത്തിലുടെയും സാമൂഹിക ഇടപെടലുകളിലൂടെയും ശ്രദ്ധയാര്‍ജ്ജിച്ച ശബാന ആസ്മി നായികയായ ‘ഫയര്‍’ എന്നീ ചിത്രങ്ങള്‍ മേളയുടെ ആദ്യദിനം പ്രദര്‍ശനത്തിനെത്തി. സിനിമയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ ശബാന ആസ്മിക്കുള്ള ആദരവായാണ് ‘ഫയര്‍’ പ്രദര്‍ശിപ്പിച്ചത്. ഹോങ് കോങ് നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളാണ് ആന്‍ ഹുയി. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലൈഫ്‌ടൈം അച്ചീവമെന്റ് അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ ആന്‍ഹുയിയെ ആദരിച്ചിരുന്നു.

ഷാങ് ഹായ് നഗരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന റൂതാങ് എന്ന സ്ത്രീയുടെയും അവര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെയും കഥ പറയുന്നു ദി പോസ്റ്റ് മോഡേണ്‍ ലൈഫ ഓഫ് മൈ ആന്റ്്. ഭര്‍ത്താക്കന്മാരില്‍ നിന്നും അവഗണന നേരിടുന്ന രണ്ട് സ്ത്രീകള്‍ക്കിടയില്‍ ഉടലെടുക്കുന്ന അസാധാരണമായ ആത്മബന്ധത്തിന്റെ കഥയാണ് ‘ഫയര്‍’.

റോയ സാദത് സംവിധാനംചെയ്ത ‘സൈമാസ് സോങ്’ അഫ്ഗാനിസ്ഥാനിലെ 1970ലെ കലാപകാലം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ്. കമ്മ്യൂണിസ്റ്റ് ആക്റ്റിവിസ്റ്റായ സുരയ്യയും പരമ്പരാഗത പശ്ചാത്തലത്തില്‍ നിന്നുള്ള ഗായികയായ സൈമയും തമ്മിലുള്ള സൗഹൃദവും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

അസ്ലി ഒസാര്‍സ്ലാന്‍ സംവിധാനംചെയ്ത ‘എല്‍ബോ’, ഒരു യുവതിയുടെ സാമൂഹികമായ അശ്രദ്ധയും തിരിച്ചറിവും പ്രദര്‍ശിപ്പിക്കുന്ന ശക്തമായ കഥയാണ്. ഫാത്ത്മാ അയ്‌ദെമിര്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയ ഈ ചിത്രം, ബെര്‍ലിനിലെ ഒരു കുടിയേറ്റ സമൂഹത്തില്‍ വളര്‍ന്ന 17 വയസ്സുള്ള ഹസലിന്റെ വൈകാരികയാത്ര വരച്ചിടുന്നു.

ജാപ്പനീസ് സംവിധായിക യോക്കോ യാമനകയുടെ ‘ഡെസേര്‍ട് ഓഫ് നമീബിയ’ യാതൊരു ദിശാബോധവുമില്ലാതെ ജീവിതം മുന്നോട്ടുനയിക്കുന്ന കാന എന്ന ചെറുപ്പക്കാരി, കാമുകന്‍ ഹോണ്ട എന്നിവരുടെ ബന്ധം നേരിടുന്ന പ്രതിസന്ധികള്‍ അവതരിപ്പിക്കുന്നു. 2024 കാന്‍ ചലച്ചിത്ര മേളയില്‍ ഫിപ്രെസി പാരലല്‍ പുരസ്‌കാരവും ബാങ്കോക്ക് ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള ലോട്ടസ് പുരസ്‌കാരവും ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. ബ്ലൂ റിബ്ബണ്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ചിത്രം 29 ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചിരുന്നു.

കുര്‍ദ്വിന്‍ അയൂബിന്റെ ആസ്ട്രിയന്‍ ചിത്രമായ ‘മൂണ്‍’ മൂന്ന് സമ്പന്ന ജോര്‍ദാനിയന്‍ സഹോദരിമാരെ പരിശീലിപ്പിക്കാനായി നിയോഗിക്കപ്പെട്ട ഒരു ആയോധന കലാകാരിയുടെ കഥ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *