Your Image Description Your Image Description

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രവര്‍ത്തനം വിലയിരുത്താന്‍ ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍.എസ് റസിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. സ്ഥലം മാറിപ്പോയവരേയും മരണപ്പെട്ടവരെയും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് കുറ്റമറ്റ രീതിയിലുള്ള പട്ടിക നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 17, 18 പ്രകാരം രാജ്യത്ത് ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിലോ ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നിലധികം തവണയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ പാടില്ല. ഒരു സ്ഥലത്ത് വോട്ടുള്ള കാര്യം ബോധപൂര്‍വം മറച്ച് മറ്റൊരു സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് 1950ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 31 പ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഒന്നിലധികം ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ ഇ.ആര്‍.ഒമാരെയോ ബി.എല്‍.ഒമാരെയോ തിരികെ ഏല്‍പ്പിക്കണം. ബോധപൂര്‍വം ഒന്നിലധികം തവണ പേര് ചേര്‍ത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് എല്ലാ ഇ.ആര്‍.ഒമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കണമെന്ന് സി.ഇ.ഒ ടീം ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.

റാന്നി, ആറന്മുള, കോന്നി മണ്ഡലങ്ങളിലെ ഇ.ആര്‍.ഒമാരായ ഡപ്യുട്ടി കലക്ടര്‍മാര്‍, തിരുവല്ല, അടൂര്‍ മണ്ഡലത്തിലെ ഇ.ആര്‍.ഒമാരായ സബ് കലക്ടറുടെയും ആര്‍ഡിഒയുടെയും ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിലും സി.ഇ.ഒ ടീം സന്ദര്‍ശിച്ചു. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട ബി.എല്‍.ഒമാരുമായി ആശയ വിനിമയം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *