Your Image Description Your Image Description

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്കൂൾ ബസുകളുടെ ഫിറ്റ്നസ് എന്നിവ മേയ് 28ന് മുമ്പ് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസ് നിർദ്ദേശം നൽകി. മഴക്കാലമുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിദ്യാലയങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുക, വെള്ളക്കെട്ട് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണം.

ജില്ലയിലെ 394 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കാനും തഹസിൽദാർമാർക്ക് ജില്ലാ കളക്ടര്‍ നിർദ്ദേശം നൽകി. ജില്ലയിലെ എംസിഎഫ്, മിനി എംസിഎഫുകളിൽ മാലിന്യങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ ഈ മാസം 31ന് മുമ്പായി ബന്ധപ്പെട്ട ഏജൻസികൾക്ക് ഇവ കൈമാറാന്‍ അടിയന്തര നടപടികൾ എൽഎസ്ജിഡി സ്വീകരിക്കണം. ഓരുമുട്ടുകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് മൈനർ ഇറിഗേഷന്‍ വിഭാഗത്തോടും തോട്ടപ്പള്ളി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തു നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാൻ മേജർ ഇറിഗേഷന്‍ വകുപ്പിനോടും നിർദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പിഡബ്ല്യൂഡി റോഡുകളുടെ വശങ്ങളിലുള്ള കനാലുകൾ അടിയന്തരമായി വൃത്തിയാക്കുന്നതിനും അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകാനും യോഗത്തിൽ തീരുമാനിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *