Your Image Description Your Image Description

രാജ്യത്ത് തടിയുള്ളവരുടെ എണ്ണം വർധിച്ചതോടെ ആരോ​ഗ്യ സംരക്ഷണത്തിനായി ക്യാമ്പയിൻ ആരംഭിച്ച് തുർക്കി.
അമിതവണ്ണം ഉള്ള പൗരന്മാർ വണ്ണം കുറയ്ക്കണമെന്ന നിർദ്ദേശമാണ് ക്യാമ്പയിൻ്റെ ഭാഗമായി നൽകുന്നത്. രാജ്യവ്യാപക ആരോഗ്യ സംരംഭത്തിൽ ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പൊതുവിടങ്ങളിൽ വച്ച് എല്ലാ പൗരന്മാരുടെയും ശരീരഭാരം കണ്ടെത്തി അമിതഭാരമുള്ളവരോട് പൊണ്ണത്തടി നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയാണ് പദ്ധതിയുടെ ആദ്യഘട്ടമായി ഇപ്പോൾ ചെയ്തുവരുന്നത്.

മെയ് 10 -ന് ആരംഭിച്ച ഈ ക്യാമ്പയിൻ, ജൂലൈ പത്തോടെ ഏകദേശം എട്ട് പൗരന്മാരിൽ ഒരാൾ എന്ന നിലയിൽ 10 ദശലക്ഷം ആളുകളുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വിലയിരുത്താൻ ആണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ 81 പ്രവിശ്യകളിലും പൗരന്മാരുടെ ബോഡി മാസ് ഇൻഡക്സ് പരിശോധിക്കാനായി ആരോഗ്യപ്രവർത്തകരെ വിന്യസിപ്പിച്ചിട്ടുണ്ട്. പ്രധാനമായും ടൗൺ സ്ക്വയറുകൾ, ഷോപ്പിംഗ് മാളുകൾ, ബസ് സ്റ്റേഷനുകൾ, ഫുട്ബോൾ സ്റ്റേഡിയങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആരോഗ്യ പ്രവർത്തകർ ഭാര പരിശോധന നടത്തുന്നത്.

അടുത്തിടെ നടന്ന ഒരു നഴ്‌സിംഗ് കോൺഫറൻസിൽ, തുർക്കിയിലെ ആരോഗ്യമന്ത്രി കെമാൽ മെമിസോഗ്‌ലു ഈ വിഷയത്തിന്റെ കുറിച്ച് പറ‍ഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. സമൂഹത്തിലെ 50 ശതമാനം ആളുകളും അമിതഭാരമുള്ളവരാണെന്നും അമിതഭാരം എന്നാൽ രോഗികൾ ആയിരിക്കുക എന്നാണ് അർത്ഥം എന്നും അദ്ദേഹം കോൺഫറൻസിൽ പറഞ്ഞിരുന്നു.

ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ കെമാൽ മെമിസോഗ്‌ലുവിൻ്റെ ബോഡി മാസ് ഇൻഡക്സ് പരിശോധിച്ചിരുന്നു. പരിശോധനയിൽ അദ്ദേഹത്തിനും അമിതഭാരമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ തൻറെ ശരീരഭാരം നിയന്ത്രിക്കാനായി താൻ എല്ലാദിവസവും നടക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘നിങ്ങളുടെ ഭാരം അറിയുക, ആരോഗ്യത്തോടെ ജീവിക്കുക’ എന്നതാണ് ക്യാമ്പയിൻ മുന്നോട്ടുവെക്കുന്ന ആപ്തവാക്യം. പരിശോധനയിൽ അമിതഭാരമുള്ള 25 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികൾക്കും സർക്കാർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ സൗജന്യ ഡയറ്ററി കൗൺസിലിംഗും തുടർ നിർദ്ദേശങ്ങളും നൽകാനും തീരുമാനമായിട്ടുണ്ട്. 2023 ലെ ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം, തുർക്കി ജനസംഖ്യയുടെ ഏകദേശം 30 ശതമാനം പേർ അമിതവണ്ണമുള്ളവരാണ്.

പദ്ധതിയെ ഒരു വിഭാഗം ആളുകൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഇതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. രാജ്യത്ത് വർദ്ധിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കേണ്ടത് അടക്കമുള്ള വിഷയങ്ങളിൽ ഇടപെടാതെ സർക്കാർ ആളുകളുടെ കണ്ണിൽ പൊടിയിടുകയാണെന്നാണ് പ്രധാനമായും ഈ പദ്ധതിക്കെതിരെ ഉയരുന്ന ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *