Your Image Description Your Image Description

മുംബൈ: തങ്ങളുടെ ഗ്രാമത്തിലൂടെ ആദ്യമായി ഒരു ട്രാൻസ്പോർട്ട് ബസ് ഓടിയതിന്റെ സന്തോഷത്തിലാണ് കാട്ടേജാരി നിവാസികൾ. നക്സൽ ബാധിത പ്രദേശമായ ഗാഡ്ചിരോളി ജില്ലയിലെ ഈ ഗ്രാമം ഇനി പതിയെ വികസനത്തിന്റെ പാതയിലേക്ക് മാറുമെന്നാണ് നാട്ടുകാർ കരുതുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം ഇതാദ്യമായാണ് ഈ ഗ്രാമീണ പാതയിലൂടെ ഒരു ബസ് സർവീസ് നടത്തുന്നത്.

പുറംലോകവുമായി കാര്യമായി ബന്ധമൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു ഇതുവരെയുള്ള കാലമത്രയും ഈ ഗ്രാമം കഴിഞ്ഞത്. നക്സൽ ബാധിത പ്രദേശവും യാത്രാസൗകര്യമില്ല എന്നതുമായിരുന്നു ഇതിന്റെ പ്രധാന കാരണങ്ങൾ. നക്സലുകളുടെ പ്രവർത്തനം കുറഞ്ഞതോടെയാണ് ഇപ്പോൾ ബസ് ഓടിത്തുടങ്ങിയത്. ബാൻഡുമേളത്തോടെയാണ് പ്രദേശത്തെ യാത്രക്കാർ ബസിനെ സ്വീകരിച്ചത്.

ഒരു ബസ് ഓടുന്നു, അതിൽ യാത്രചെയ്യാൻ കഴിയുന്നു എന്നതിലപ്പുറം ആരോഗ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഗ്രാമം ഇനി വളർച്ചയുടെ പടവുകൾ കയറുമെന്നാണ് എല്ലാവരും പറയുന്നത്. ഗ്രാമത്തിൽനിന്ന്‌ പുറപ്പെടുന്ന ബസ് ജില്ലാ ആസ്ഥാനത്തേക്കാണ് ഓടുന്നത്. ഇനി അടുത്ത പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പോകാൻ സൗകര്യമായെന്നും നടന്നു പോയിക്കൊണ്ടിരുന്ന കുട്ടികൾക്ക് ഇനി ബസിൽ സ്കൂളിൽ പോകാമെന്നും ഗ്രാമീണർ പറയുന്നു.

ബന്ധുക്കളുടെ വീടുകളിൽ ഇനി ഇടയ്ക്കിടയ്ക്ക് പോകാൻ കഴിയുമെന്നും അവർക്ക് ഞങ്ങളുടെ വീട്ടിൽവന്ന് താമസിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ഈ ഗ്രാമത്തോട് ചേർന്നു കിടക്കുന്ന മറ്റ് 10 ഗ്രാമങ്ങൾക്കുകൂടി ബസ് സർവീസ് ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *