Your Image Description Your Image Description

കംപ്യൂട്ടര്‍ ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പല തരത്തിലുള്ള സൈബർ ആക്രമണങ്ങളാണ് നടക്കുന്നത്. അതിനായി ഉപയോഗിക്കുന്ന വിവിധ മാല്‍വെയറുകളെ കുറിച്ചും നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ഇപ്പോഴിത ‘ലുമ്മ സ്റ്റീലര്‍’ എന്ന മാല്‍വെയറിനെ നീക്കം ചെയ്യാനായി നടത്തിയ ദൗത്യം വെളിപ്പെടുത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. 2025 മാര്‍ച്ച് 16 മുതല്‍ മെയ് 16 വരെ നടത്തിയ പരിശോധനയില്‍ 394000 വിന്‍ഡോസ് പിസികളെ ലുമ്മ മാല്‍വെയര്‍ പിടികൂടിയതായി കണ്ടെത്തിയെന്നാണ് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്.

പരമ്പരാഗത സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനാവാത്തതും എന്നാല്‍ വളരെ എളുപ്പം പ്രചരിപ്പിക്കാനാവുന്നതുമായ മാല്‍വെയര്‍ ആണ് ലുമ്മ സ്റ്റീലര്‍. സ്പിയര്‍ ഫിഷിങ് ഇമെയിലുകള്‍ വഴിയും മാല്‍വെയര്‍ടൈസിങ് വഴിയും ഈ മാല്‍വെയര്‍ ഉപകരണങ്ങളില്‍ വിന്യസിക്കാനാവും. കഴിഞ്ഞ വര്‍ഷമാണ് ലുമ്മ സ്റ്റീലര്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ എഡിറ്റ് പ്രോ പോലുള്ള എഐ വീഡിയോ ടൂളുകള്‍ ഉപയോഗിച്ച് വിന്‍ഡോസ് പിസികളിലേക്ക് കടന്നുകയറാനും കംപ്യൂട്ടറിലെ വിവരങ്ങള്‍ ഹാക്കര്‍ക്ക് തിരിച്ചയക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്.

ബുക്കിങ്.കോം എന്ന ട്രാവല്‍ ഏജന്‍സിയുടെ പേരില്‍ ലുമ്മ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിനുള്ള ഫിഷിങ് ക്യാമ്പയിന്‍ നടക്കുന്നതായും മൈക്രോസോഫ്റ്റ് രണ്ടെത്തി. വന്‍തോതില്‍ പണവും, മറ്റ് വിവരങ്ങളും ചോര്‍ത്തുന്നതിനായി ലോകത്തെമ്പാടുമുള്ള സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന മുന്‍നിര ടൂളുകളില്‍ ഒന്നാണ് ലുമ്മ സ്റ്റീലര്‍ എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, മോസില്ല ഫയര്‍ഫോക്‌സ് ഉള്‍പ്പടെയുള്ള ജനപ്രിയ ബ്രൗസറുകളെയാണ് ഈ മാല്‍വെയര്‍ ബാധിക്കുക.

ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ് വേഡുകള്‍ എന്നിവയെല്ലാം ചോര്‍ത്താന്‍ ഇതിന് സാധിക്കും. 2022 ലാണ് ലുമ്മ സ്റ്റീലറിനെ ആദ്യം കണ്ടെത്തുന്നത്. റാന്‍സം വെയര്‍ ആക്രമണങ്ങള്‍ക്കും ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ഡിജിറ്റല്‍ ക്രൈംസ് യൂണിറ്റും അമേരിക്കൻ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്, യൂറോപോള്‍, ജപ്പാനിലെ ക്രൈം കണ്‍ട്രോള്‍ സെന്റര്‍ പോലുള്ള ലോകത്തെമ്പാടുമുള്ള വിവിധ നിയമ നിര്‍വഹണ ഏജന്‍സികളും ചേര്‍ന്നാണ് മാല്‍വെയറിനെ കണ്ടുപിടിച്ച് നീക്കം ചെയ്യുന്നതിനുള്ള ദൗത്യം സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *