Your Image Description Your Image Description

മദ്യ ലഹരിയിൽ സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ യുവതി കുറ്റക്കാരിയെന്ന് കോടതിയുടെ കണ്ടെത്തൽ. ദീർഘകാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സുഹൃത്തി​ന്റെ പ്രകോപനപരമായ പെരുമാറ്റത്തെത്തുടർന്ന് യുവതി പെട്രോളൊഴിച്ച് തീകൊളുത്തിയത്. യുവാവിന് 55 ശതമാനം പൊള്ളലേറ്റു. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. ഈ മാസം ആദ്യമാണ് കേസിൽ വാദം കേട്ടത്.

യുവതിയും യുവാവും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. സംഭവം നടന്ന ദിവസം ഇരുവരും ഒരു വലിയ പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. ഇരുവരും മദ്യപിക്കുകയും ഒരാൾ മയക്കുമരുന്ന് ഉപയോ​ഗിക്കുകയും ചെയ്തിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, കഴിഞ്ഞ വർഷം ജനുവരി 7 -ന് ന്യൂ സൗത്ത് വെയിൽസിലെ ഒരു വീട്ടിൽ വെച്ചാണ് 23 -കാരനായ ജെയ്ക്ക് ലോഡറിന് നേരെ ആക്രമണമുണ്ടായത്. 24 -കാരിയും ജെയ്ക്കിന്റെ കൂട്ടുകാരിയുമായ കോർബി ജീൻ വാൾപോൾ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. വർഷങ്ങളായി ഇരുവരും സുഹൃത്തുക്കളാണ്. എന്നാൽ, മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോ​ഗിക്കുകയും ഒക്കെ ചെയ്ത അന്ന് രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അത് അക്രമത്തിലെത്തിച്ചേരുകയും ആയിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ജെയ്ക്കും കോർബി ജീനും ഹൗലോങ്ങിൽ സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുത്ത ശേഷം പുലർച്ചെ 5 മണിയോടെ കോർബിയുടെ വീട്ടുമുറ്റത്തെത്തി. അവിടെ വച്ചും മദ്യപാനം തുടർന്നു. ഇരുവരും അമിതമായി മദ്യം കഴിച്ചിരുന്നു. കോർബി കൊക്കെയ്നും ഉപയോഗിച്ചിരുന്നു.

രാത്രി മൊത്തം ജെയ്ക്ക് തന്നോട് തർക്കത്തിനും ഗുസ്തി പിടിക്കാനും വന്നുവെന്നും ഉറങ്ങിക്കിടക്കുന്ന കാമുകനെ ഉണർത്തിയെന്നും കോർബി പറഞ്ഞു. അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു എന്നും അവൾ കോടതിയിൽ പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് കോർബി കടുത്ത വിഷാദത്തിലായിരുന്നു എന്നും അമിതമായി മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നു എന്നും കോടതിയിൽ നടന്ന വാദത്തിൽ പറയുന്നു.

സംഭവം നടന്ന അന്ന് രാത്രിയിൽ ജെയ്ക്ക് കോർബിയോട്, ‘പുരുഷന്മാരുടെ കൂടെ മദ്യപിക്കാൻ അറിയില്ലെങ്കിൽ അടുക്കളയിൽ കഴിയണം, എന്നിട്ട് ഭക്ഷണമുണ്ടാക്കണം’ എന്ന് പറഞ്ഞിരുന്നതായി പറയുന്നു. ജെയ്ക്കിന്റെ പെരുമാറ്റം സഹിക്കാനാവാതെ നിന്ന കോർബിക്ക് ഇത് കൂടി കേട്ടതോടെയാണ് സമനില തെറ്റിയത് എന്നു പറയുന്നു.

പിന്നാലെ അവൾ ​ഗാരേജിൽ പോയി പെട്രോളും ലൈറ്ററുമായി എത്തി. ‘ആ കത്തിക്ക്’ എന്ന് ജെയ്ക്ക് പറഞ്ഞതോടെ അവൾ തീകൊളുത്തുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ ജെയ്ക്കിന് 10 ഓപ്പറേഷനുകളെങ്കിലും കഴിഞ്ഞു.

കോടതിയിൽ കോർബി താൻ ചെയ്ത കുറ്റമെല്ലാം സമ്മതിച്ചു. ജെയ്ക്കിനോട് താൻ ചെയ്തത് പൊറുക്കാനാവാത്തതാണ് എന്ന് അവൾ പറയുകയായിരുന്നു. ജെയ്ക്കിനോടും വീട്ടുകാരോടും കൂട്ടുകാരോടും താൻ തെറ്റ് ചെയ്തു എന്നും അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *