Your Image Description Your Image Description

കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ. ആ അഭിനയ ചക്രവർത്തി ഇന്ന് തന്റെ അറുപത്തി അഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്.

1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ജനിച്ച മോഹന്‍ലാല്‍ ഇന്ന് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലാലേട്ടനാണ്. തിരുവനന്തപുരം മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. തിരുവനന്തപുരത്തെ മോഡല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളേജില്‍ നിന്നു ബികോം ബിരുദം നേടി. സ്കൂള്‍ പഠനകാലത്ത്‌ മികച്ച നാടകനടനുള്ള പുരസ്ക്കാരങ്ങള്‍ നേടിയ ലാല്‍ കോളേജിലെത്തിയതോടെയാണ് സിനിമയുമായി ചങ്ങാത്തത്തിലാകുന്നത്.സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ്കുമാര്‍ എന്നിവരുമായി ചേര്‍ന്ന് ഭാരത്‌ സിനി ഗ്രൂപ്പ് എന്ന കമ്പനി സ്ഥാപിച്ച മോഹൻലാല്‍, 1978 സെപ്റ്റംബര്‍ മൂന്നിന് ‘തിരനോട്ടം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. ശേഷം ഫാസിൽ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ മുഖം ബി​ഗ് സ്ക്രീനിൽ തെളിഞ്ഞു. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തിയ മോഹൻലാൽ പ്രേക്ഷക ശ്രദ്ധനേടി. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയില്‍ അദ്ദേഹം നിറഞ്ഞ് നിന്നു. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്നത്.

നാടോടിക്കാറ്റ്, വഴിയോരക്കാഴ്ചകൾ, കൈയെത്തും ദൂരത്ത്, തൂവാനത്തുമ്പികൾ, ഉണ്ണികളെ ഒരു കഥ പറയാം, ഇരുപതാം നൂറ്റാണ്ട്, ചിത്രം, ദശരഥം, അധിപൻ, വന്ദനം, കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, നമ്പർ 20 മദ്രാസ് മെയിൽ, അക്കരെയക്കരെയക്കരെ, ഏയ് ഓട്ടോ, കിലുക്കം, വിയറ്റ്നാം കോളനി, അദ്വൈതം, യോദ്ധ, കമലദളം, മണിച്ചിത്രത്താഴ്,

കളിപ്പാട്ടം, ചെങ്കോൽ, ഗാന്ധർവ്വം, മായാമയൂരം, ബട്ടർഫ്ലൈസ്, ദേവാസുരം, മിഥുനം, മിന്നാരം, പക്ഷേ, പിൻഗാമി, തേന്മാവിൻ കൊമ്പത്ത്, പവിത്രം, സ്ഫടികം, ആറാം തമ്പുരാൻ, വാനപ്രസ്ഥം…അങ്ങനെ എണ്ണിയെടുക്കാൻ കഴിയാതത്ര ചിത്രങ്ങൾ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം എന്ന ചിത്രമാണ് മോഹൻ ലാലിന്‍റേതായി പുറത്തിറങ്ങാനുള്ളത്.ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നാവർത്തിക്കാതെ വേറിട്ട്‌ നിൽക്കുകയാണ്. അഭിനയത്തിൽ മാത്രമല്ല സിനിമയുടെ എല്ലാ മേഖലകളിലും ഒരേ പോലെ കൈയിണക്കമുള്ള ഒരു മലയാള നടനുണ്ടോ എന്നതും സംശയമാണ്. ആ വിസ്മയ ഗാഥ തുടരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *