Your Image Description Your Image Description

കോഴിക്കോട്: ആറുവരി പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ല. നിർമാണം പൂർത്തിയായ ദേശീയപാത 66ൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോയ്ക്കും കാൽനടയാത്രികർക്കും ട്രാക്ടറുകൾക്കും അനുമതിയില്ലെന്ന് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ദേശീയപാതയിലെ എൻട്രികളിലാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.

ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുള്‍പ്പെടെ വേഗം കുറഞ്ഞ വണ്ടികള്‍ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല.

പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകൾ
ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്‍റുകളാണ് തയാറാക്കിയിരിക്കുന്നത്. എൻട്രിയിലൂടെ അകത്ത് കടക്കാൻ മാത്രമേ സാധിക്കൂ. അതുപോലെ എക്സിറ്റിലൂടെ പുറത്തുകടക്കാനും. മറിച്ചുള്ള യാത്ര തടയാനായി എൻട്രി, എക്സിറ്റ് പോയിന്‍റുകളിൽ സ്റ്റംപുകൾ സ്ഥാപിച്ച് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കാമറകളും സ്ഥാപിക്കുമെന്നാണ് വിവരം.

ആറുവരിപ്പാതയിൽ വണ്ടിയോടിക്കേണ്ടത് ഇങ്ങനെ…
ആറുവരിപ്പാതയിൽ വാഹനമോടിക്കുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലർക്കും അറിയാവുന്ന കാര്യങ്ങളാണെങ്കിലും അറിയാത്ത ആളുകളും നിരവധിയാണ്. പ്രധാന കാര്യം ലെയ്ൻ ട്രാഫിക് കൃത്യമായി പാലിച്ച് വേണം വണ്ടിയോടിക്കാൻ എന്നതാണ്.

ലെയ്ൻ ട്രാഫിക് സംവിധാനമുള്ള റോഡുകളിൽ കൃത്യമായും ട്രാഫിക് നിയമങ്ങൾ പാലിക്കണം. വേഗത കൂടുതലായതിനാൽ അപകടസാധ്യതയും കൂടുതലാണ്. ട്രാക്കുകൾ മാറുമ്പോൾ ഇൻഡികേറ്റർ ഇടുകയും മിറർ നോക്കി പുറകിലെ വാഹനത്തിന്റെ സ്ഥാനം മനസ്സിലാക്കുകയും വേണം. ചെറിയൊരു അശ്രദ്ധപോലും വലിയ അപകടങ്ങൾ ഉണ്ടാക്കാം.

ആറ് വരിയിൽ ഇരുവശത്തും മൂന്ന് വരി വീതമാണല്ലോ. ഇതിൽ ഒന്നാമത്തെ ലെയ്ന്‍, അതായത് ഏറ്റവും ഇടതുവശമുള്ള ലെയ്ന്‍, ഭാരവാഹനങ്ങള്‍ക്കും വേഗത കുറഞ്ഞ മറ്റ് വാഹനങ്ങള്‍ക്കുമാണ്. ചരക്കുലോറികള്‍, ട്രക്ക്, മറ്റ് ഭാരവാഹനങ്ങൾ എന്നിവയെല്ലാം ഈ ലെയ്‌നാണ് ഉപയോഗിക്കേണ്ടത്. നടുവിലെ വരിയാണ് നോര്‍മല്‍ ലെയിന്‍ അഥവാ സുരക്ഷിതവേഗ ഇടനാഴി. നടുവിലെ ഈ ലെയ്‌നിലൂടെയാണ് ദീര്‍ഘ ദൂരം സുരക്ഷിതവേഗതയില്‍ പോകേണ്ട വാഹനങ്ങള്‍ ഡ്രൈവ് ചെയ്യേണ്ടത്. വേഗം കുറഞ്ഞ ഒന്നാമത്തെ ലെയ്നിൽ പോകുന്ന വാഹനങ്ങൾക്ക് മുന്നിലുള്ള മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാനും നടുവിലെ ലെയ്‌നിലേക്ക് കയറാം. ഓവർടേക്ക് ചെയ്ത ശേഷം തിരികെ ഇടത്തേ ലൈനിലേക്ക് തന്നെ കടക്കണം.

വലതുവശത്തെ ലെയ്ൻ, അതായത് മീഡിയനോട് ചേർന്നുള്ള വരി, ഒഴിച്ചിടണമെന്ന് പറഞ്ഞല്ലോ. ഈ വരി എമർജൻസി വാഹനങ്ങൾക്കും ഓവർടേക്കിങ്ങിനും മാത്രമുള്ളതാണ്. അതായത്, ഈ വരിയിൽ മറ്റ് വാഹനങ്ങൾ കൂടുതൽ സമയം ഓടിക്കരുത്. ആംബുലൻസ്, ഫയർ സർവിസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്കായി ഒഴിച്ചിടേണ്ടതാണ് ഈ വരി. നടുവിലെ വരിയിലൂടെ പോകുന്ന വേഗം കൂടിയ വാഹനങ്ങൾക്ക് മുന്നിലെ വാഹനത്തെ മറികടക്കാൻ ഈ വരിയിലേക്ക് കയറാം. ഓവർടേക് ചെയ്തുകഴിഞ്ഞയുടൻ തന്നെ തിരികെ നടുവിലെ വരിയിലേക്ക് തന്നെ കടക്കണം.

ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
മധ്യത്തിലെ ട്രാക്കിലുള്ള വേഗത കൂടിയ വാഹനങ്ങൾ ഓവർടേക്ക് ചെയ്യേണ്ടിവന്നാൽ വലത്തേ ട്രാക്കിലേക്ക് കയറണം.
ഉടൻ തന്നെ മധ്യത്തിലെ ട്രാക്കിലേക്ക് തിരിച്ചു വരണം.
പുറകിൽ വാഹനം ഇല്ലെന്ന് ഉറപ്പാക്കണം.
ഇൻഡിക്കേറ്റർ ഉപയോഗിക്കണം.
നിരന്തരം വശങ്ങളിലെ കണ്ണാടികളിലും, പുറകു വശം കാണുന്ന കണ്ണാടിയിലും നോക്കി ലെയ്നുകൾ നിരീക്ഷിക്കുക.
ലെയ്ൻ മാറേണ്ടി വന്നാൽ പുറകിൽ വാഹനം ഇല്ലെന്ന് ഉറപ്പാക്കി ഇൻഡിക്കേറ്റർ ഇട്ട് മാത്രം മാറുക.

Leave a Reply

Your email address will not be published. Required fields are marked *