Your Image Description Your Image Description

ഇന്ത്യക്ക് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ പാകിസ്താനും ഒരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അയക്കാനാണ് പാകിസ്താൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി ബിലാവൽ ഭൂട്ടോ എക്സിൽ കുറിച്ചു. നേരത്തെ പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വിശദീകരിക്കാൻ പ്രത്യേക സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ​ശനിയാഴ്ചയാണ് ഇത്തരമൊരു കാമ്പയിനിന് തുടക്കം കുറിക്കാൻ പാകിസ്താൻ തീരുമാനിച്ചത്.

അന്താരാഷ്ട്രവേദിയിൽ പാകിസ്താന്റെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. പ്രതിസന്ധിഘട്ടത്തിൽ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തുവെന്ന് ഷഹ്ബാസ് ഷെരീഫ് പറഞ്ഞു. മുൻ മന്ത്രി ഹിന റബ്ബാനി ഖാർ, മുൻ പ്രതിരോധ മന്ത്രി ഖുറം ദസ്ത്ഗിർ ഖാൻ, മുൻ വിദേശകാര്യ സെക്രട്ടറി ജലീൽ അബ്ബാസ് ജിലാനി എന്നിവരും സംഘത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

പഹൽഗാം ഭീകരാക്രമണത്തെയും ഓപറേഷൻ സിന്ദൂറിനെയും തുടർന്നുള്ള നിർണായക നയതന്ത്ര നീക്കത്തിൽ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങ​ളെ ധരിപ്പിക്കാൻ കേന്ദ്രസർക്കാർ സർവകക്ഷി സംഘത്തെ അയക്കാൻ തീരുമാനിച്ചുരിന്നു. മുസ്‍ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ, സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്, മുൻ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ തുടങ്ങിയവർ കേരളത്തിൽനിന്ന് സംഘത്തിലുണ്ടാകും.

അതെ സമയം, കോൺഗ്രസ്‌ നേതൃത്വം നിർദ്ദേശിച്ച നാല് പേരിൽ ഒരാളെ മാത്രം ഉൾപ്പെടുത്തിയത് ഖേദകരമാണെന്നും ഗുരുതരമായ ദേശീയ വിഷയങ്ങളിൽ പോലും കേന്ദ്രത്തിന്റേത് വിലകുറഞ്ഞ രാഷ്ട്രീയ കളിയാണെന്നും കോൺഗ്രസ് വിമർശിച്ചു. പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും തലത്തിലേക്ക് കോൺഗ്രസ്‌ താഴില്ല. പാർലമെന്ററി ജനാധിപത്യത്തിന്റെ മികച്ച പാരമ്പര്യങ്ങൾ എപ്പോഴും ഉയർത്തിപ്പിടിക്കും. ദേശീയ സുരക്ഷയിൽ പക്ഷപാതപരമായ രാഷ്ട്രീയം കളിക്കില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു. കോൺഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സൽമാൻ ഖുർഷിദ് ,അമർ സിംഗ് എന്നിവർ പട്ടികയിലുണ്ട്. സർക്കാർ ക്ഷണം നിരസിച്ചിട്ടും സൽമാൻ ഖുർഷിദിനെ ഉൾപ്പെടുത്തി. ശശി തരൂർ നേതൃത്വം നൽകുന്ന സംഘം യു എസ്, ബ്രസീൽ, പാനമ,കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് സന്ദർശിക്കുക. കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്ന് ഉൾപ്പെടുത്തിയത് ആനന്ദ് ശർമ്മയെ മാത്രമാണ്.

സിപിഐഎം എംപി ജോൺ ബ്രിട്ടാസ് ഉൾപ്പെട്ട സംഘം ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെട്ട സംഘം ഈജിപ്ത് ,ഖത്തർ ,എത്യോപ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്കും മുസ്‌ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ ഉൾപ്പെട്ട സംഘം യുഎഇ,കോംഗോ തുടങ്ങിയ രാജ്യങ്ങളിലും പോകും. മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തർ, എത്യോപ്യ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലും സൽമാൻ ഖുർഷിദിനെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിലുമാണ് ഉൾപ്പെടുത്തിയത്. ഗുലാം നബി ആസാദ് സൗദി, കുവൈറ്റ്, ബഹ്റിൻ ,അൽജീരിയ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയത്. എം.ജെ അക്ബറും പട്ടികയിലുണ്ട്. ഏഴ് സംഘങ്ങളായി 59 അംഗ പ്രതിനിധികൾ വിവിധ വിദേശരാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *