Your Image Description Your Image Description

കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയിൽ രോഗ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാനമായി കേരളത്തെ അംഗീകരിക്കുമ്പോഴും ഇവിടുള്ളവർക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വികസനകാലമാണ് കഴിഞ്ഞ ഒമ്പത് വർഷത്തേതെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പാണ്ടനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. കേരളത്തിൽ വെൻ്റിലേറ്ററോ, ഓക്സിജനോ ലഭിക്കാതെ ആരും മരിച്ചില്ല.ഇത് അംഗീകരിക്കാൻ പലർക്കും കഴിയുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചെങ്ങന്നൂരിന്റെ ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. 10 സബ് സെന്ററുകൾ കൂടി ഉടൻ ആരംഭിക്കും. മാതൃശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.വാക്സിനുകളെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്നുണ്ട്. കേന്ദ്രസർക്കാർ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താത്ത ഒരു പേവിഷ വാക്സിനും കേരളത്തിൽ വിതരണം ചെയ്യുന്നില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ചെങ്ങന്നൂരിൽ ഒരു സർക്കാർ ആശുപത്രിക്ക് പോലും കെട്ടിടമില്ലാത്ത സാഹചര്യം ഇല്ലെന്ന് അഭിമാനത്തോടെ പറയാൻ ആകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം എൻ എച്ച് എം ഫണ്ടിൽ നിന്നും 4.06 കോടി രൂപ വിനിയോഗിച്ചാണ് പാണ്ടനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിർമ്മിച്ചത്. ഒ പി കൺസൾട്ടേഷൻ റൂമുകൾ, ഓ പി രജിസ്ട്രേഷൻ, വെയ്റ്റിംഗ് ഏരിയ, ഫീഡിങ് റൂം , ഒപ്റ്റോമെട്രിക് റൂം, ഒബ്സർവേഷൻ റൂം , നേഴ്സ് സ്റ്റേഷൻ, ഇഞ്ചക്ഷൻ, നെബുലൈസേഷൻ, ഫാർമസി ,ലാബ് ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 27 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ മെഡിക്കൽ കമ്പ്യൂട്ടർ ഉപകരണങ്ങളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം പി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മാളുകുട്ടി സണ്ണി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ രാധാബായ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മനോജ് കുമാർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ, സ്ഥിരംസമിതി അധ്യക്ഷരായ ബീന ചിറമേൽ, സ്വർണ്ണമ്മ, കെ ആർ മോഹനൻ, പാണ്ടനാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി എസ് വിജയമ്മ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെബിൻ പി വർഗീസ്, രാജേഷ് ഗ്രാമം, എൽസി കോശി, സുജാ രാജീവ്, രശ്മി സുഭാഷ്, ഷേർലി സാജൻ, അലീന വേണു, ഗ്രാമപഞ്ചായത്ത് അംഗം ടി സി സുരേന്ദ്രൻനായർ, ഡിഎംഒ ഡോ. ജമുനാ വർഗീസ്, എൻഎച്ച്എം ഡിപിഎം ഡോ. കോശി സി പണിക്കർ, മെഡിക്കൽ ഓഫീസർ ഡോ. എസ് സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *