ക്രിക്കറ്റ് മത്സരത്തിനിടെ താരങ്ങളുടെ വ്യക്തിജീവിതത്തെയും സ്വഭാവത്തെയും പരാമർശിച്ചുകൊണ്ടുള്ള കമന്റേറ്റർമാരുടെ ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്. കളിയെക്കുറിച്ചും പ്രകടനത്തിലെ പോരായ്മകളെക്കുറിച്ചും വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും, എന്നാൽ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.
“ദിവസങ്ങളോളം നീളുന്ന കഠിന പരിശീലനത്തിനൊടുവിലാണ് ഞങ്ങൾ ഓരോ മത്സരത്തിനും ഇറങ്ങുന്നത്. കളിയിൽ ജയവും തോൽവിയും സ്വാഭാവികമാണ്. ആരാധകർക്കും കമന്റേറ്റർമാർക്കും ഞങ്ങളെ വിമർശിക്കാൻ പൂർണ്ണ അധികാരമുണ്ട്. എന്നാൽ, കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങളും വ്യക്തിപരമായ വിഷയങ്ങളും ചർച്ച ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നത് ഒഴിവാക്കണം. ക്രിക്കറ്റ് മാത്രമായിരിക്കണം നമ്മുടെ ചർച്ചാവിഷയം,” റിയാൻ പരാഗ് പറഞ്ഞു.
ക്രിക്കറ്റ് താരങ്ങളുടെ പെരുമാറ്റത്തെയും വ്യക്തിജീവിതത്തെയും കമന്റേറ്റർമാർ അനാവശ്യമായി വലിച്ചിഴക്കുന്നതിനെയാണ് പരാഗ് എതിർക്കുന്നത്. ഇ-സിഗരറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് നേരത്തെ വലിയ തോതിലുള്ള സൈബർ വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് പരാഗ്.
അതേസമയം, ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് രാജസ്ഥാൻ റോയൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ നിർണ്ണായക വിജയത്തോടെ പ്ലേ ഓഫിന് തൊട്ടരികിലെത്തിയ രാജസ്ഥാൻ, അടുത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നേരിടാൻ ഒരുങ്ങുകയാണ്. ഈ കളിയിൽ വിജയിച്ചാൽ രാജസ്ഥാന് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാം.
