Your Image Description Your Image Description
എറണാകുളം: സരസ് വേദിയെ ആവേശക്കൊടുമുടിയിലെത്തിച്ച് പ്രശസ്ത പിന്നണി ഗായിക നഞ്ചിയമ്മയും സുധീഷ് മരുതളവും സംഘവും അവതരിപ്പിച്ച ലൈവ് മ്യൂസിക് നൈറ്റ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിലെ നിറഞ്ഞ വേദിയെ സാക്ഷിയാക്കി അക്ഷരാർത്ഥത്തിൽ കത്തിക്കയറുകയായിരുന്നു സംഘം.
സ്ത്രീകളും കുട്ടികളും യുവതീ യുവാക്കളുമടക്കം നൂറുകണക്കിന് ആളുകളാണ് പരിപാടി വീക്ഷിക്കാൻ വേദിയിലേക്ക് ഒഴുകിയെത്തിയത്.
എറണാകുളത്തെ മക്കളെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ചാണ് നഞ്ചിയമ്മ വേദിയിലെത്തിയത്. തന്നെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ‘കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ, പൂ പറിക്കാ പോകിലാമോ വിമേതത്തെ പക്കിലാമോ’ എന്ന പാട്ട് നഞ്ചിയമ്മ പാടി തുടങ്ങിയപ്പോൾ അതിനൊപ്പം സദസും ഏറ്റുപാടി.
കാണികൾ കാണാൻ കൊതിച്ചിരുന്ന പ്രിയ ഗായിക വേദിയിലേക്ക് കടന്നെത്തിയപ്പോൾ സദസ്സ് കൂടുതൽ ആവേശത്തിലായി അതിനൊപ്പം ഏറ്റുപാടി.
നഞ്ചിയമ്മയുടെ ഗാനത്തിനൊപ്പം സുധീഷ് മരുതളത്തിൻ്റെ ശബ്ദ ഭംഗിയും സദസിനെ ആവേശത്തിലാഴ്ത്തി. തൻ്റെ പുതിയ ചിത്രമായ അജഗജാന്തരത്തിൽ ആലപിച്ച പാട്ട് കാണികൾക്കായി പാടി തുടങ്ങിയാണ് സുധീഷ് മരുതളം വേദിയെ കൈയ്യിലെടുത്തത്.
ആസ്വാദകർക്ക് വ്യത്യസ്തമായ കലാ സന്ധ്യയൊരുക്കി നാടൻ പാട്ടിൻ്റെ താളക്കൊഴുപ്പിനൊപ്പം സദസ്സും ചേർന്നു. വാദ്യങ്ങളുടെ അകമ്പടിയില് കലാകാരന്മാര് ആടിപ്പാടിയപ്പോള് കാണികളും ഒപ്പം ചുവടുവച്ചു. വിവിധ പാട്ടുകൾ കോർത്തിണക്കി സംഘം വേദി കീഴടക്കിയപ്പോൾ പാട്ടിനൊപ്പം താളം പിടിച്ച് ആസ്വാദകരും ഒപ്പം കൂടിയതോടെ ആട്ടവും പാട്ടുമായി ആഘോഷപൂർണ്ണമായി ജവഹർലാൽ നെഹ്റു ഗ്രൗണ്ട്. നാടന് പാട്ട് പ്രേമികള്ക്ക് ആസ്വാദനത്തിന്റെ പുതിയൊരു അനുഭവം കൈമാറിയാണ് പാട്ടുകള് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *