Your Image Description Your Image Description

ഇന്ത്യ- പാക് സംഘര്‍ഷം മൂലം നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. പ്ലേ ഓഫ് ലക്ഷ്യമിട്ടാണ് കോലിയുടെ ബെംഗളൂരു ഇന്ന് കൊല്‍ക്കത്തയെ നേരിടുന്നത്. 16 പോയിന്റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും 11 പോയിന്റുള്ള കെകെആര്‍ ആറാമതും.

സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡ് തിരിച്ചുവന്നത് നല്‍കുന്ന സന്തോഷത്തിന് അതിരുകളില്ല. ടെസ്റ്റില്‍ നിന്ന് വിരമിച്ച വിരാട് കോലിക്ക് ആദരസൂചകമായി ആരാധകര്‍ വെള്ള ജഴ്‌സി അണിഞ്ഞാണ് സ്റ്റേഡിയത്തിലെത്തുക.

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയ്ക്ക് ഇനി ഒരു തിരിച്ചടി പോലും താങ്ങാനാകില്ല. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിപ്പിക്കാം. നിലവില്‍ 12 കളിയില്‍ 11 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയവും കൊല്‍ക്കത്തയുടെ കിരീടം കാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറിയ മോയിന്‍ അലിയുടെ അഭാവം കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്.

ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പ്ലേ ഓഫ് സാധ്യതയുള്ള മറ്റ് ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്. ജയ്പൂര്‍, ഡല്‍ഹി, ലക്‌നൗ, മുംബൈ, അഹമ്മദാബാദ് എന്നിവയാണ് ബെംഗളൂരുവിനെ കൂടാതെയുള്ള വേദികള്‍.

പാക് പ്രകോപനത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ഡല്‍ഹിഫപഞ്ചാബ് മത്സരം 24ന് ജയ്പൂരില്‍ വീണ്ടും നടത്തും. ഒന്നാം ക്വാളിഫയര്‍ മേയ് 29നും എലിമിനേറ്റര്‍ 30നും രണ്ടാം ക്വാളിഫയര്‍ ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍ പോരാട്ടം. ഫൈനല്‍ ഉള്‍പ്പടെയുള്ള നോക്കൗട്ട് മത്സരങ്ങളുടെ വേദികള്‍ പിന്നീട് പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *