Your Image Description Your Image Description

ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഗുര്‍പത് വന്ത് സിംഗ് പന്നൂവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നിഖില്‍ ഗുപ്തക്കെതിരായ തെളിവുകള്‍ ഹാജരാക്കാനാവില്ലെന്ന് അമേരിക്ക. കുറ്റാരോപിതനായ ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്ത ചെക്ക് റിപ്പബ്ലിക്കില്‍ ജയിലിലാണ്. ഇയാളെ അമേരിക്കയ്ക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഇയാളെ അമേരിക്കയിലെത്തിച്ച് ന്യൂയോര്‍ക്ക് സിറ്റി കോടതിയില്‍ ഹാജരാക്കുമ്പോള്‍ മാത്രമേ വിവരങ്ങള്‍ നല്‍കാനാകൂ എന്ന് യുഎസ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച മറുപടി സത്യവാങ്മൂലം ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ നിഖില്‍ ഗുപ്തയ്‌ക്കെതിരായ തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്, ഫെഡറല്‍ സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. ഉത്തരവിന്റെ തീയതി മുതല്‍ മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് യുഎസ് ജില്ലാ ജഡ്ജി വിക്ടര്‍ മാരേറോ നിര്‍ദേശിച്ചിരുന്നത്.

ജനുവരി നാലിനാണ് തെളിവുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ​ഗുപ്തയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചത്. അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ള ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നുവിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനോടൊപ്പം നിഖില്‍ ഗുപ്ത പ്രവര്‍ത്തിച്ചതായാണ് യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്.

ഇതിനായി വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയതായും ആരോപിക്കുന്നു. വാടകക്കൊലയാളിയെ സംഘടിപ്പിക്കാൻ ഡല്‍ഹിയിലുള്ള ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും നവംബര്‍ 29ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 52 കാരനായ ഗുപ്തയ്‌ക്കെതിരെ കൊലപാതകം, വാടകയ്ക്ക് 10 വര്‍ഷം വരെ തടവ്, ഗൂഢാലോചന, കൊലപാതകത്തിന് ഗൂഢാലോചന, 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *