Your Image Description Your Image Description

മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിലെ ടോൾ-ചെമ്മനാകരി റോഡിലൂടെ ഇനി സുഗമയാത്ര. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ റോഡ് നവീകരണം പൂർത്തിയായി.സംസ്ഥാന സർക്കാരിന്റെ 2021-22 വർഷത്തെ ബജറ്റിൽപ്പെടുത്തി അഞ്ചുകോടി രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമിച്ചത്.

പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ തീരദേശവാസികളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ഇൻഡോ അമേരിക്കൻ ആശുപത്രിയിലേക്കു പോകുന്നവരടക്കം ഒട്ടേറെപ്പേർക്ക് റോഡ് നവീകരിച്ചത് പ്രയോജനം ചെയ്യും.
3.75 കിലോമീറ്റർ നീളമുള്ള റോഡിന്റെ ഉപരിതലം അഞ്ചു മീറ്റർ വീതിയിൽ ടാർ ചെയ്തു. കൂടാതെ ഇരുവശവും ആവശ്യമായ ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. റോഡ് സംരക്ഷണത്തിനുവേണ്ടി ഡി.ആർ. വാളും നിർമ്മിച്ചിട്ടുണ്ട്.
ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പിന്റെ ഭാഗമായ വാൽവ് ചേമ്പർ വരുന്ന ഭാഗങ്ങളിലും പഴയ പൈപ്പ് ലൈനുകൾ വരുന്ന ആദ്യത്തെ 400 മീറ്റർ ഭാഗത്തും ഇന്റർ ലോക്കിംഗ് ടൈലുകളാണ് വിരിച്ചിട്ടുള്ളത്. സൈൻബോർഡ്, ലൈൻ-മാർക്കിങ്, റോഡ് സ്റ്റഡുകൾ, ഗാർഡ് പോസ്റ്റുകൾ,ഡീലിനേറ്റർ പോസ്റ്റുകൾ ,ക്രാഷ് ബാരിയർ തുടങ്ങിയ റോഡ് സുരക്ഷാ മാർഗങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ആധുനിക നിലവാരത്തിൽ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് സി.കെ ആശ എം.എൽ.എ പൊതുമരാമത്ത്-ധനകാര്യവകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് 2021-22 ബജറ്റിൽപ്പെടുത്തി അന്നത്തെ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഞ്ചു കോടി രൂപ അനുവദിച്ചത്

Leave a Reply

Your email address will not be published. Required fields are marked *