Your Image Description Your Image Description

കൊച്ചി :വാഹനം ഉരസിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അങ്കമാലി തുറവൂർ ആരിശേരിൽ ഐവിൻ ജിജോ (24)യെ പ്രതികൾ മനപ്പൂർവം കാറിടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന്‌ പൊലീസ്‌. പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്‌ (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവർ കുറ്റം സമ്മതിച്ചതായി പൊലീസ്‌ കോടതിയിൽ സമർപ്പിച്ച റിമാൻഡ്‌ റിപ്പോർട്ടിൽ പറഞ്ഞു.

ബിഹാർ സ്വദേശികളായ ഇരുവരും കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരാണ്‌.
കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ഐവിനെ എസ് ഐ വിനയകുമാർ കാർ ഇടിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സൈഡ് നൽകാതെ വാഹനം ഓടിച്ച വിനയകുമാറിനെ ചോദ്യം ചെയ്തതും തർക്കത്തിനിടയിൽ പ്രതികൾ കാറെടുത്ത് പോകാൻ ശ്രമിച്ചപ്പോൾ പൊലീസ് വന്നിട്ട് പോയാൽ മതി എന്ന് ഐവിൻ പറഞ്ഞതുമാണ് കൊലപാതകത്തിന് പ്രകോപനമായത്. ഇതോടെയാണ്‌ കാർ ഇടിപ്പിച്ചത്‌. ഇത്‌ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെതന്നെയായിരുന്നു.

ബോണറ്റിലേക്ക്‌ വീണ ഐവിൻ ജിജോയെ രക്ഷപ്പെടാൻ അനുവദിക്കാതെ 600 മീറ്ററോളം കൊണ്ടുപോയി. ബ്രേക്കിട്ട്‌ നിലത്തുവീഴ്‌ത്തിയശേഷം വീണ്ടും കാറിടിപ്പിച്ചു. പിന്നാലെ കാറിനടിയിൽപെട്ട ഐവിനെ 37 മീറ്ററോളം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.ഗുരുതരപരിക്കേറ്റാണ്‌ മരണം സംഭവിച്ചത്. പ്രതികൾ ഇരുവരും ഒരുപോലെ കുറ്റക്കാരാണെന്ന്‌ റിപ്പോർട്ടിൽ പറഞ്ഞു.

സംഭവത്തിനുശേഷം, രണ്ടാംപ്രതി മോഹൻകുമാറിനെ നെടുമ്പാശേരി എയർപോർട്ട്‌ പരിസരത്തുനിന്നും ഒന്നാംപ്രതി വിനയകുമാർ ദാസിനെ സംഭവം നടന്ന നായത്തോട്‌ പ്രദേശത്തുനിന്ന്‌ പരിക്കുകളോടെയും പൊലീസ്‌ പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *