Your Image Description Your Image Description

ഇന്ത്യ പാക് സംഘർഷത്തിൽ ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രത്തില്‍ പതിച്ചുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത് വലിയ ആശങ്കയോടെയാണ് ലോകം കേട്ടത്. ഇന്ത്യ ആക്രമണം നടത്തിയപ്പോൾ പ്രദേശത്ത് ആണവ വികിരണ ചോര്‍ച്ചയുണ്ടായി എന്നുള്ളതടക്കമുള്ള പ്രചാരണങ്ങളാണുണ്ടായത്. എന്നാൽ, പാകിസ്ഥാനില്‍ ഒരു തരത്തിലുമുള്ള ആണവ ചോര്‍ച്ചയുമില്ലെന്ന് വ്യക്തമാക്കി രാജ്യാന്തര ആണവോര്‍ജ ഏജന്‍സി തന്നെ രം​ഗത്തെത്തി. ഇന്ത്യന്‍ വ്യോമസേന എയര്‍ മാര്‍ഷല്‍ എ.കെ. ഭാര്‍തി ഈ പ്രചരണങ്ങളെ തള്ളി. എന്നാൽ, എന്തുകൊണ്ടാണ് ആണവായുധവുമായി ബന്ധപ്പെട്ട ചെറു പ്രചരണങ്ങൾ പോലും ഈ രീതിയിലുള്ള വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നത് എന്ന് നോക്കാം.

പ്ലൂട്ടോണിയം എന്ന വിഷം

യുദ്ധം വഷളായി ആണവായുധം ഉപയോ​ഗിക്കുന്ന സ്ഥിതിയിലേക്കോ ആണവ ചോർച്ചയുണ്ടാകുന്ന ദുരവസ്ഥയിലേക്കോ കാര്യങ്ങളെത്തിയാൽ അത് ആയിരക്കണക്കിന് വർഷത്തേക്ക് ഈ ഭൂമിയെ ബാധിക്കും. പ്ലൂട്ടോണിയം-239-ന്റെ 24,110 വർഷം നീണ്ടുനിൽക്കുന്ന അർധായുസ്സ് ആണ് ഇതിന് കാരണം. ആണവായുധ പരീക്ഷണങ്ങളിൽ നിന്നുള്ള സൂക്ഷ്മ കണികകൾ പരിസ്ഥിതിയിൽ വ്യാപകമായിട്ടുണ്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നത്. അതിനാൽ, ഏതാണ്ട് എല്ലാവരും ചെറിയ അളവിലുള്ള പ്ലൂട്ടോണിയവുമായി സമ്പർക്കത്തിലേർപ്പെടുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.

ആണവ പോർമുനകളിൽ ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് പ്ലൂട്ടോണിയം-239. ലോകത്തിലെ ഏറ്റവും വിഷമുള്ള വസ്തുക്കളിലൊന്നായ ഇത് ശ്വസിക്കുന്നത് അപകടകരമാണ്. വായുവിൽ ചോരുന്ന ഒരു ​ഗ്രാം പ്ലൂട്ടോണിയം-239 ഒരു കോടി ആളുകളെ ബാധിക്കുമെന്നാണ് കനേഡിയൻ കോളിഷൻ ഫോർ ന്യൂക്ലിയർ റെസ്പോൺസിബിലിറ്റി പറയുന്നത്. ഇത് 10 ​ഗ്രാം ആണെങ്കിൽ അത് 100 കോടി ആളുകളെ ബാധിക്കുമെന്നും കണക്കിൽ പറയുന്നു.

പ്ലൂട്ടോണിയത്തിന് പുറമെ അർബുദത്തിന് കാരണമാകുന്ന അയോഡിൻ-131, സീസിയം-137, സ്ട്രോൺഷ്യം-90, യുറേനിയം-235 എന്നീ മൂലകങ്ങളും സ്ഥിതി വഷളാക്കും. അണുവിസ്ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന ഉപോത്പ്പന്നങ്ങളാണ് അയോഡിൻ-131, സീസിയം-137 എന്നിവ. ആണവ അപകടങ്ങൾക്ക് ശേഷവും ഇവ കാണപ്പെടും. തൈറോയ്ഡ് കാൻസറിനും പേശികളിലെ കാൻസറിനും ഇത് കാരണമാകുമെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത്.

ആണവ അപകടങ്ങൾക്ക് ശേഷം കാണപ്പെടുന്ന ഒരു ഉപോത്പ്പന്നമാണ് സ്ട്രോൺഷ്യം-90യും. ഇതും കാൻസറിന് കാരണമാകുന്ന മൂലകമാണ്. കൂടാതെ, ആണവ പോർമുനകളിൽ ഉപയോ​ഗിക്കുന്ന യുറേനിയം-235-മായി സമ്പർക്കം പുലർത്തുന്നത് ശ്വാസകോശം, എല്ലുകൾ, കരൾ എന്നിവിടങ്ങളിൽ കാൻസറിന് കാരണമാകാം.

Leave a Reply

Your email address will not be published. Required fields are marked *